
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിനിടയില്‍ അധ്യാപക പരീക്ഷ നടത്താനുള്ള പി.എസ്.സി. തീരുമാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക. നവംബര്‍ ഏഴിന് യു.പി. സ്കൂള്‍, 24 ന് എല്‍.പി. സ്കൂള്‍ അധ്യാപക പരീക്ഷ നടത്താനുള്ള തീരുമാനത്തിലാണു പി.എസ്.സി. ഒരു ലക്ഷത്തിലധികം പേരാണ് അടുത്തമാസം നടക്കുന്ന യു.പി. സ്കൂള്‍ അധ്യാപക പരീക്ഷയെഴുതുന്നത്.
രണ്ടു പരീക്ഷകളിലും കൂടി മൂന്നു ലക്ഷത്തോളം പേരുണ്ടാകുമെന്നാണു സൂചന. ഒഴിവുകള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 21,570 പേരാണ് ഇവിടെ മാത്രം പരീക്ഷ എഴുതുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലും മലപ്പുറത്താണ്.
ഗതാഗത-താമസ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ പരീക്ഷ സുഗമമായി എഴുതാനാകുമോയെന്ന ആശങ്ക ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. പരീക്ഷാര്‍ഥികളുടെ മാതൃ ജില്ലയില്‍ സെന്ററുകള്‍ ഒരുക്കുമെന്ന് പി.എസ്.സി. അറിയിച്ചിരുന്നെങ്കിലും അപേക്ഷിച്ച ജില്ലയില്‍ തന്നെയാണു ഭൂരിപക്ഷത്തിനും സെന്റര്‍ അനുവദിച്ചിരിക്കുന്നത്. അപേക്ഷകരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഇവരില്‍ ഗര്‍ഭിണികളും െകെക്കുഞ്ഞുങ്ങള് ഉള്ള അമ്മമാരുമുണ്ട്.
വിദൂര ജില്ലകളിലുള്ളവര്‍ പരീക്ഷ എഴുതാന്‍ തലേ ദിവസം തന്നെ ജില്ലയിലെത്തേണ്ടി വരും. എന്നാല്‍ കണ്ടെയ്മെന്റ് സോണുകളില്‍ ഹോട്ടലുകളും ലോഡ്ജുകളും ഇല്ല. ഇത്രയധികം പേര് പരീക്ഷ എഴുതുന്നതിനാല്‍ സാമൂഹിക അകലം പാലിക്കുക ദുഷ്ക്കരമായിരിക്കും.
നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. കണ്ടെയ്മെന്റ് സെന്ററുകളിലുള്ളവരും രോഗബാധിതരും പരീക്ഷ എഴുതാന്‍ വരരുതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതു ഫലപ്രദമാകുമോയെന്നും ആശങ്കയുണ്ട്.
ഈ സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് സ്വന്തം ജില്ലകളില്‍ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതേസമയം, പരീക്ഷ മാറ്റിവയ്ക്കില്ലെന്നാണ് പി.എസ്.സിയുടെ നിലപാടെന്ന് ചെയര്മാന് എം.കെ സക്കീര്‍ പറഞ്ഞു.






