തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും.
കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്.
16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. താങ്ങ് വില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില.
സവാള, ഉള്ളി വിലകയറ്റം പിടിച്ചു നിർത്താനും കഴിഞ്ഞ ദിവസം സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. നാഫെഡിൽ നിന്നും പ്രധാനപ്പെട്ട ഏജൻസികളായ സപ്ലൈകോ 1000 ടൺ, കൺസ്യൂമർഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ എന്നിങ്ങനെ സവാള വാങ്ങും. വിപണിയിൽ നവംബർ ആദ്യവാരം മുതൽ വിതരണം തുടങ്ങാനാണ് തീരുമാനം.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെയാണ് പച്ചക്കറി വില ഉയർന്നത്. കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.






