
നവരാത്രിയുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശില്‍ പരമ്പരാഗതമായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രപൂജകളില്‍ ഒന്നില്‍ അധികാരം ഉപയോഗിച്ച് പങ്കാളിയായി ഹിമാചല്‍ പ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥ ഋത്വിക ജിന്‍ഡാല്‍ വിവാദത്തില്‍. ഹിമാചലിലെ സോളനിലെ ഷൂലിനി ക്ഷേത്രത്തിലെ 'ഹാവന്' എന്ന ചടങ്ങിലാണ് പാരമ്പര്യം തെറ്റിച്ച് ഇവര്‍ പങ്കെടുത്തത്. ഇതിലൂടെ ക്ഷേത്രത്തിലെ വര്‍ഷങ്ങളായുള്ള പതിവാണ് ഋത്വിക തെറ്റിച്ചത്.
നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിയിലാണ് സംഭവം. സാധാരണയായി സ്ത്രീ സാന്നിദ്ധ്യം ഒഴിവാക്കിയാണ് ഈ പൂജ നടത്താറ്. പാരമ്പര്യമായുള്ള വിശ്വാസം തകര്‍ത്ത ഋതികാ ജിന്‍ഡാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാണ്. ഉദ്യോഗസ്ഥയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യങ്ങളില്‍ അനേകരാണ് രംഗത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ 24 ന് ശനിയാഴ്ച ആയിരുന്നു ദുര്‍ഗാഷ്ടമി. ക്ഷേത്രത്തിലെ തയ്യാറെടുപ്പുകള്‍ പരിശോധിക്കാനാണ് താന്‍ എത്തിയത് എന്നാണ് ജിന്‍ഡാല്‍ പ്രതികരിച്ചത്. പൈതൃകം അനുസരിച്ച് ക്ഷേത്രത്തിലെ ദേവി മാ ഷൂലിനിയുടെ വിജയത്തിനായി ഈ ദിവസം നടക്കുന്ന 'ഹാവന്' എന്ന ചടങ്ങില്‍ സ്ത്രീകള്‍ പങ്കു ചേരരുത് എന്നാണ് വിശ്വാസം. ചടങ്ങില്‍ പങ്കാളിയാകാന്‍ അനുവദിക്കണമെന്ന് ജിന്‍ഡാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പുരോഹിതവൃന്ദം അത് തള്ളിയിരുന്നു.
എന്നാല്‍ പുരോഹിതരുടെ പ്രതിരോധം മറികടന്ന് ഋതിക ഇവിടെ എത്തുകയായിരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് ആരും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം മാനസീകാവസ്ഥയെ സ്ത്രീകള്‍ വെല്ലുവിളിക്കണം എന്നായിരുന്നു ചടങ്ങ് തെറ്റിച്ച ശേഷം ഋത്വിക പ്രതികരിച്ചതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. ''ദുര്‍ഗാഷ്ടമിക്ക് നമ്മള് സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് പറയും. എന്നാല്‍ അവരുടെ അവകാശങ്ങള്‍ പിടിച്ചുവെയ്ക്കും. ഞാന്‍ ക്ഷേത്രത്തില്‍ പോയത് തയ്യാറെടുപ്പുകള്‍ പരിശോധിക്കാനാണ്. സ്ത്രീകളെ ക്ഷേത്രത്തില്‍ പൂജയ്ക്കായി കയറ്റും. എന്നാല്‍ ഹാവന് ചടങ്ങില്‍ ഇരുത്തില്ല. ആദ്യം സ്ത്രീയായിരിക്കുക. അതിന് ശേഷം ഭരണാധികാരിയാകാം. സ്ത്രീകളുടെ അവകാശത്തിനായി എന്നാല്‍ കഴിയും വിധം പോരാടും.'' ഋത്വിക പ്രതികരിച്ചു.
അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകരാണ് എത്തുന്നത്. ഋത്വികയുടെ ചെയ്തി ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അധികാര ദുര്‍വ്വിനിയോഗം എന്നാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം. പഞ്ചാബിലെ മോഗയില്‍ നിന്നും വന്ന ജിന്‍ഡാല്‍ സിബിഎസ് സി യിലെ വടക്കേ ഇന്ത്യയില്‍ നിന്നുള്ള ടോപ്പറാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷമാണ് ഐഎഎസ് എടുക്കുന്നത്. 2017 ല്‍ ആദ്യ ശ്രമം പിതാവിന്റെ അസുഖം മൂലം ഉപേക്ഷിക്കേണ്ടി വന്നു. 2018 ല്‍ പിതാവിന് ശ്വാസകോശാര്‍ബുദം ആയിരിക്കെ 88 ാം റാങ്ക് നേടി പരീക്ഷയില്‍ വിജയം നേടി.
അസാധാരണ മികവുള്ള ഋത്വിക പ്രതിസന്ധികളെ മറികടന്ന മുന്നേറിയാണ് ജീവിതത്തിലെ വന്‍ വിജയങ്ങള്‍ നേടിയത്. 2018 ല്‍ അവര്‍ സിവില്‍ സര്‍വീസ് പരീക്ഷ നേടിയെടുക്കുമ്പോള്‍ പ്രായം വെറും 22 വയസ്സായിരുന്നു. ശ്രീറാം കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദം നേടിയ അവര്‍ സിവില്‍ സര്‍വീസില്‍ ഓപ്ഷനല്‍ സബ്ജക്ടറായ കൊമേഴ്സ് ആന്റ് അക്കൗണ്ടന്‍സിയില്‍ 500 ല്‍ 330 മാര്‍ക്കും നേടി. പരീക്ഷാ രീതി മാറ്റം വരുത്തിയ ശേഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ്. രണ്ടു തവണ സിവല്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങിയതും പിതാവ് കാന്‍സര്‍ബാധിതനായ സമയത്തായിരുന്നു.
സ്കൂള്‍ കാലം മുതല്‍ മിടുക്കിയായി പഠിച്ചിരുന്ന പെണ്‍കുട്ടിയെ സ്വപ്നം നേടുന്നതില്‍ നിന്നും തടയാന്‍ പ്രതിസന്ധികള്‍ക്ക് കഴിഞ്ഞില്ല. ബിരുദം നേടി തൊട്ടു പിന്നാലെയാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങിയത്. എന്നാല്‍ 2017 ല്‍ ആദ്യ ശ്രമത്തില്‍ വിധി വലിയ പരീക്ഷണമാണ് നടത്തിയത്്. പിതാവിന് നാവില്‍ കാന്സര്ബാധയാണെന്ന് കണ്ടെത്തി. പരീക്ഷ എഴുതാനും കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തിലും വിധി തടസ്സവുമായി എത്തി. കാന്‍സര്‍ പിതാവിന്റെ ശ്വാസകോശത്തെയും പിടികൂടി. ജീവിതത്തിലെ ഏറ്റവും ദുഷ്ക്കരമായ കാലത്തും ദുരിതം താട്ടി അവര്‍ ജീവിതത്തിലെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് നേടിയെടുത്ത അവര്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാക്കളില്‍ ഒരാളാണ്.






