
കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ദമാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മൂന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസ്റ്റഡിയിലാകുമ്പോള്‍ തിരിച്ചടി കിട്ടുന്നത് സര്‍ക്കാരിനും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരും ഇടതുപക്ഷവും പ്രതിരോധത്തിലാകും. കേസ് നാലു മാസം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്നാണ് ഇ ഡി കോടതിയില്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപിയായി വാണ ശിവശങ്കറിന് സ്വര്‍ണകടത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഞെട്ടിയത് കേരളമാണ്. വിദേശ കമ്പനിയുമായി സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച പോലും നടത്താതെ സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തി ചെറുത്തുനില്ക്കാന് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാണ് ഇ ഡിയുടെ കസ്റ്റഡിയിലേക്കു വീണത്.
ആദ്യം ശിവശങ്കറിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്നീട് സസ്പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നാല് മാസത്തിന് ശേഷമാണ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച പുറത്തുവന്ന വിവരങ്ങളാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുന്നതിലേക്ക് നയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ കേന്ദ്രബിന്ദു ശിവശങ്കറാണെന്ന് ആരോപിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് എതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേസിന്റെ വഴിത്തിരിവുകള്‍ ഇങ്ങിനെ
ജൂണ്‍ 30 ന് സ്വര്‍ണ്ണമെത്തുന്നു ജൂലൈ 5 ന് വിവാദത്തിന് തുടക്കം
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്ത ജൂലൈ ആദ്യ വാരം മുതലാണ് കേസിന് രാഷ്ട്രീയ മാനങ്ങള്‍ വന്നത്. ജൂണ്‍ 30 ന് തിരുവനന്തപുരത്ത് നയതന്ത്രബാഗേജില് എത്തിയ 30 കിലോ സ്വര്‍ണ്ണം ജൂലൈ 5 ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. പിഎസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് ജൂലൈ 6 ന് കേസിലെ മുഖ്യ ആസൂത്രക കോണ്‍സുലേറ്റിലെ മുന്‍ സെക്രട്ടറിയാണെന്ന വിവരം പുറത്തു വന്നതോടെ വിവാദ നായിക സ്വപ്നാ സുരേഷ് ഒളിവിലായി. സംസ്ഥാന ഐടി വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സ്വപ്നയെ അന്നേ ദിവസം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ കേസില്‍ സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശിവശങ്കറിലേക്ക് കേസിലെ ആദ്യ വെളിച്ചം വീഴുന്നു.
ജൂലൈ 7 ന് വിവാദത്തെ തുടര്‍ന്ന് ശിവശങ്കറിന് കസേര തെറിക്കുന്നു
സ്വപ്ന സുരേഷുമായുള്ള അടുത്ത ബന്ധമെന്നായിരുന്നു ശിവശങ്കറിന് നേരെ ഉയര്‍ന്ന ആരോപണം. ഇതോടെ ജൂലൈ 7 ന് എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ 14 ന് ആദ്യ ചോദ്യം ചെയ്യല്‍. ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ജൂലൈ 16: കേസിന്റെ പത്താം ദിവസം എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു.
ജൂണ്‍ 23 ന് എന്‍ഐഎ വരുന്നു
ജൂലൈ 23: ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട നടപടിക്രമങ്ങളില്‍ വിശദമായ ചോദ്യം ചെയ്യല്‍. മൂന്ന് ദിവസം ജൂലൈ 27 ന് കഴിഞ്ഞ് വീണ്ടും ചോദ്യം ചെയ്യല്‍. പിറ്റേന്ന് ജൂലൈ 28 ന് പത്തു മണിക്കൂറോളം ചോദ്യം ചെയ്യല്‍. സെപ്റ്റംബര്‍ 24 സ്വപ്നയെയും ശിവശങ്കറിനെയും എന്‍.ഐ.എ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു. ഇതിനിടെ ഓഗസ്റ്റ് 3 ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു.
ഒക്ടോബര്‍ 10 ശിവശങ്കറിനെയും സ്വപ്നയെയും ഒരുമിച്ചിരുത്തി കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍
ഒക്ടോബര്‍ 10 ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്യുന്നു. ഒക്ടോബര്‍ 14 ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇ.ഡി. ഓഫീസില്‍ ഹാജരാകാതെ ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഒക്ടോബര്‍ 15 ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം.
ദേഹാസ്വാസ്ഥ്യത്തിന് ശിവശങ്കര്‍ ആശുപത്രിയില്‍ അഭയം തേടുന്നു
ഒക്ടോബര്‍ 16 കസ്റ്റംസ് ശിവശങ്കറെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി കയ്യോടെ കൊണ്ടുപോകുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നും ആരോപിച്ചാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 23 ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ തടഞ്ഞു.
ഒടുവില്‍ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഇഡിയുടെ കസ്റ്റഡിയിലേക്ക്
ഒക്ടോബര്‍ 28 ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെ തിരുവനന്തപുരത്തെ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ശിവശങ്കറെ . മിനിറ്റുകള്‍ക്കകം അപ്രതീക്ഷിത നീക്കം നടത്തി എന്‍ഫോഴ്സ്മെന്റ ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തു.






