
കോഴിക്കോട് : സവാള വിലയിൽ കേരളത്തിലെ ജനങ്ങളുടെ കൈ പൊള്ളിയപ്പോൾ സർക്കാർ പുതിയ വഴി തേടി. നാഫെഡ് വഴി എത്തിച്ച സവാളയാണ് ഇന്നലെ ആളുകൾ വാങ്ങി കൂട്ടിയത്.കിലോക്ക് വില 45 ആയി നിശ്ചയിച്ചു.
ഒരാൾക്കു വാങ്ങാവുന്ന പരമാവധി തൂക്കം 2 കിലോ ആയിരുന്നു. എന്നാൽ ആവശ്യക്കാർ കൂടിയതോടെ ഒരാൾക്ക് ഒന്നര കിലോഗ്രാം എന്ന നിരക്കിൽ വിൽപന നിജപ്പെടുത്തി.
ഇന്നലെ ഹോർട്ടികോർപ്പിൽ വിറ്റത് 2 ടൺ സവാളയാണ്. നാഫെഡ് മുഖേന സംഭരിച്ച സവാളയിൽ ഹോർട്ടികോർപ് ജില്ലയിൽ വിതരണം ചെയ്യാൻ 8 ടണ്ണാണ് ഇന്നലെ എത്തിച്ചത്.
സംസ്ഥാനത്ത് ഹോർട്ടികോർപ് മുഖേന 500 ടൺ സവാളയാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവ മുഖേന 1,300 ടൺ കൂടി നൽകുന്നുണ്ട്.
പൊതുമാർക്കറ്റിൽ കിലോഗ്രാമിനു 85 രൂപവരെ എത്തിയിരുന്നു.






