
മുസാഫര്പൂര്: ജാതിയും മതവും പണവും മസില്പ്പവറുമെല്ലാം മുഖ്യകാര്യമായി മാറിയിട്ടുള്ള ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില് ഒരാള് ഇവയിലൊന്നും പെടാതെ മറ്റൊരു കാരണത്തിന്റെ പേരില് സ്ഥാനാര്ത്ഥിയാകുന്നു. മുസാഫര്പൂറില് നിന്നും 15 കിലോമീറ്റര് മാറിയുള്ള രത്നൗളി ജില്ലയിലെ 33 കാരന് സഞ്ജയ് സാഹ്നി എന്ന സ്വതന്ത്ര്യ സ്ഥാനാര്ത്ഥി മത്സരിക്കുന്നത് ഗ്രാമത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്ക്ക് വേണ്ടിയാണ്. കുര്ഹാനി നിയമസഭാ മണ്ഡലത്തില് നിന്നും മത്സരിക്കുന്ന സാഹ്നി ഒരിക്കല് കുടിയേറ്റ തൊഴിലാളിയും പിന്നീട് തൊഴിലുറപ്പ് തൊഴിലാളിയായും മാറിയയാളാണ്.
ബീഹാറിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ പോലെ ഡല്ഹിയിലേക്ക് ഒരിക്കല് ജോലി തേടിപ്പോയ ആളാണ് സാഹ്നി. അതിന് ശേഷമാണ് മഹാത്മാഗാന്ധി നാഷണല് റൂറല് എംപ്ളോയ്മെന്റ് ഗ്യരന്റി ആക്ടിന് (എംജിഎന്ആര്ഇജിഎ) കീഴില് ജോലി ചെയ്യാന് തുടങ്ങിയത്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സാഹ്നി തൊഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ബോധവല്ക്കരണവുമായി നടന്നതിനാല് ഗ്രാമത്തെക്കുറിച്ചും നാടിന്റെ മുക്കൂം മൂലയുമെല്ലാം അറിയാം. ഡല്ഹിയില് വര്ഷങ്ങളോളം ചെലവഴിച്ച ശേഷമാണ് സാഹ്നി ഗ്രാമത്തിലേക്ക് മടങ്ങി വന്നതും എംജിഎന്ആര്ഇജിഎ പ്രവര്ത്തകനായി മാറിയതും. എന്നാല് ഒരു തൊഴിലാളിയില് നിന്നും മനുഷ്യാവകാശ പ്രവര്ത്തകനിലേക്കുള്ള മാറ്റം അത്ര ഈസി ആയിരുന്നില്ല.
അലമാരി ചിഹ്നത്തിലാണ് സാഹ്നി മത്സരിക്കുന്നത്. പ്രചരണം സൈക്കിളില് തനിച്ചും. വീടുകള് തോറും ആള്ക്കാരെ നേരില് കണ്ടും സ്വയം അച്ചടിച്ച് വിതരണം ചെയ്യുന്ന ലഘുലേഖകള് നല്കിയാണ് വോട്ടുപിടിക്കല്. ഇതിനായി ദിവസം മുഴുവന് തന്റെ പ്രിന്റിംഗ്ഷോപ്പില് ഇയാള് സയം ചെലവഴിക്കും. ഡല്ഹിയില് തൊഴിലാളിയായി പോയ സാഹ്നി അവിടെ നിന്നും ആദ്യമായി പഠിച്ചെടുത്തത് ഇലക്ട്രീഷ്യന് ജോലി ആയിരുന്നു. പിന്നീട് ജാനകപുരിയില് ഒരു കടയിട്ടു. 2012 ല് നാട്ടില് എത്തിയപ്പോഴാണ് തൊഴിലുറപ്പിനെക്കുറിച്ച് ആദ്യമായി കേള്ക്കുന്നത്. ഒരു ഉദ്യോഗസ്ഥന് ഗ്രാമത്തില് വന്ന് എല്ലാവരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും അന്വേഷിച്ചതായി കൂട്ടുകാര് പറഞ്ഞു. തൊഴിലുറപ്പിന്റെ പേരില് എല്ലാവരുടെയും വിരലടയാളം എടുത്തുകൊണ്ടുപോയെന്നും പറഞ്ഞു. എന്നാല് ഇത് എന്തിനാണെന്ന് ആര്ക്കും ഒരു പിടിയുമില്ലായിരുന്നു.
ഇത് വളരെ വിചിത്രമായി തോന്നിയ സാഹ്നി ഡല്ഹിയില് തിരിച്ചെത്തി. കടയില് തിരക്ക് ഇല്ലാത്ത സമയത്ത് തൊട്ട് എതിര്വശത്തുള്ള ഇന്റര്നെറ്റ് കഫേയില് പോയി ബിഹാര് എംജിഎന്ആര്ഇജിഎ എന്താണെന്ന് സേര്ച്ച് ചെയ്തു. ഇതില് തന്റെ് ഗ്രാമത്തിലുള്ളവരുടെ പേരില് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണം തട്ടിയെടുത്തതായി മനസ്സിലാക്കി. ഇതിന്റെ പ്രിന്റ് ഔട്ടും എടുത്താണ് തിരികെ് ഗ്രാമത്തില് രണ്ടു ദിവസം കഴിഞ്ഞ് എത്തിയത്. ലിസ്റ്റ് വെച്ചു പേരുകളുള്ള ആള്ക്കാരെ കാണുകയും പണം കിട്ടിയിരുന്നോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല് ആര്്ക്കും ഇതിനേക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. എന്നാല് താന് പറ്റിക്കാന് ശ്രമിക്കുകയാണ് എന്ന് പറഞ്ഞ് ആള്ക്കാര് അകറ്റിയെന്നും വ്യാജ രേഖകള് കാട്ടി താന് ആള്ക്കാരെ കബളിപ്പിക്കാന് ശ്രമിക്കുകയാണെന്നും ആരോപിച്ച് വഞ്ചകന് എന്ന് വിളിച്ച് തന്നെ അവര് ആട്ടിയകറ്റിയെന്നും സാഹ്നി പറഞ്ഞു.
എന്നാല് വിട്ടുകൊടുക്കാന് കൂട്ടാക്കാതിരുന്ന സാഹ്നി ഡല്ഹിയില് വീണ്ടും തിരിച്ചെത്തി ഇന്റര്നെറ്റില് കയറി. എംജിഎന്ആര്ഇജിഎ കോണ്ടാക്ട് എന്ന് ടൈപ്പ് ചെയ്തപ്പോള് വിവരാവകാശ രേഖ പ്രവര്ത്തകന് നിഖില് ദേ യുടെയും തൊഴിലുറപ്പു പദ്ധതിയുടെ പ്രധാന ശില്പ്പിയായ ബല്ജിയംകാരനായ ഇന്ത്യന് സാമ്പത്തീക വിദഗ്ദ്ധന് ജീന് ഡ്രെസിന്റെയും ഫോണ് നമ്പറുകള് കിട്ടി. ഇവരുമായി ഫോണില് സംസാരിക്കുകയും തന്റെ ഗ്രാമത്തില് ഇതിന്റെ പേരില് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു. തുടര്ന്ന ഇവര് സഹായിക്കാമെന്ന് പറഞ്ഞത് വലിയ ആവേശമായി മാറി. സാഹ്നി വീണ്ടും ഗ്രാമത്തില് കാലുകുത്തിയത് ഇതിനെക്കുറിച്ച് ഗ്രാമീണരെ ബോധവല്ക്കരിക്കും എന്ന ദൃഡനിശ്ചയം മനസ്സില് എടുത്തായിരുന്നു.

എന്നാല് കാര്യങ്ങള് എളുപ്പമായിരുന്നില്ല. ഒരു ഇലക്ട്രീഷ്യന് തൊഴിലുറപ്പിനെക്കുറിച്ച് എന്തറിയാം എന്നായിരുന്നു നാട്ടുകാരുടെ വിചാരം. താന് പറഞ്ഞതൊന്നും അവര് ചെവിക്കൊണ്ടില്ല. എന്നാല് താന് ബ്ളോക്ക് ഓഫീസര്, ഗ്രാമത്തലവന്, വില്ലേജ് ഓഫീസര് എന്നിവരേയും സാധാരണക്കാരായ ഗ്രാമത്തില് ഉള്ളവരെയുമെല്ലാം കണ്ടു കൊണ്ടിരുന്നതായും സാഹ്നി പറയുന്നു. തൊഴിലുറപ്പിന് കീഴില് 10 മുതല് 15 പേര്ക്ക് വരെ പണി കിട്ടി. അവര് ജോലിചെയ്യാന് തുടങ്ങിയപ്പോള് മറ്റുള്ളവരും ഇതിലേക്ക് ചേര്ന്നു. അവര്ക്ക് വേണ്ടി ജോലിചെയ്യാനും അവരുടെ ഫോറം പൂരിപ്പിക്കാനുമെല്ലാം ആവശ്യശപ്പട്ടു. ഇതോടെ ഒരു മാസം കൊണ്ട് തന്റെ ഗ്രാമത്തില് 400 പേരാണ് തൊഴിലുറപ്പിന്റെ ഭാഗമായതെന്നും പറയുന്നു.
ഒരിക്കല് സത്യമേവ ജയതേ എന്ന ഡോക്യുമെന്ററിയില് അഴിമതിയെക്കുറിച്ച് സംസാരിക്കാന് സാഹ്നിയെ ക്ഷണിച്ചത് ബോളിവുഡിലെ സാക്ഷാല് അമീര്ഖാനായിരുന്നു. സാഹ്നിയുടെ പ്രവര്ത്തനങ്ങള് ലക്ഷ്യം കണ്ടു. അയാള് മത്സരിക്കുന്ന കുര്ഹാനി മണ്ഡലത്തിലെ വൈശാലിക്ക് പുറമേ 39 പഞ്ചായത്തുകളില് സാഹ്നിയുടെ സമാജ് പ്രഗതി ശക്തി സംഘാതന് എന്ന സംഘടന ഇപ്പോള് ശക്തമാണ്് തൊഴിലുറപ്പ് പദ്ധതിയില് എത്തപ്പെടുന്നവര്ക്ക് സമയത്ത് വേതണം എത്തിക്കാന് സംഘടനയുടെ പ്രവര്ത്തനങ്ങള് നിര്ണ്ണായകമായി മാറിയിട്ടുണ്ട്്്. നിരക്ഷരരായവര്ക്ക് പോലും ജോലി പൂര്ത്തിയായി 15 ദിവസത്തിനുള്ളില് വേതനം കിട്ടുന്നു. വികസന പദ്ധതികളും തൊഴിലുറപ്പിന്റെ ഭാഗമായി ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ വര്ഷം ഗ്രാമത്തിലൂടെ മികച്ച ഒരു റോഡ് ഉണ്ടായത് തൊഴിലുറപ്പിന് കീഴിലായിരുന്നു. തൊഴിലില്ലായ്മ വലിയ പ്രചരണായുധമായി മാറിയിട്ടുള്ള ഗുജറാത്തില് സാധാരണ മനുഷ്യര്ക്ക് 100 ദിവസം തൊഴില് ഉറപ്പാക്കുന്ന സാഹ്നിയെ ഈ സീറ്റില് വിജയിപ്പിക്കണമെന്ന് ഗ്രാമീണര് പറയുന്നു.
തൊഴിലുറപ്പില് പണിയില്ലാത്തപ്പോള് ഇലക്ട്രീഷ്യന് ജോലി സാഹ്നി ചെയ്യുന്നു. എന്നാലും ചെറിയ കുടിലില് താമസിക്കുന്ന കുടുംബത്തിന്റെ സാമ്പത്തീകശേഷി അസ്ഥിരമായി തുടരുകയാണ്. സാഹ്നിയുടെ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള് വഹിക്കുന്നത് ഒരു സുഹൃത്താണ്്. വാഗ്ദാനം ചെയ്യപ്പെടുന്ന വന് തുകകള്ക്ക് നേരെ പോലും സാഹ്നി മുഖം തിരിക്കുകയാണ്. അതേസമയം പ്രചരണത്തില് ഒരു കുറവുമില്ല. ജീന് ഡ്രെസ് പോലും ഒരാഴ്ച സാഹ്നിക്കായി പ്രചരണത്തിന് എത്തി. തന്നെ വിശ്വസിക്കുന്ന ഒരുകൂട്ടം ചെറിപ്പക്കാരാണ് പ്രചരണത്തിന് കൂട്ടുള്ളത്. ഇരുന്ന് സാമൂഹ്യ മാധ്യമങ്ങള് വഴിയാണ് പ്രചരണം. ഒരു ചെറിയ കുടിലില് പഞ്ചായത്ത് തലത്തില് അതിനെ ഏകോപിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പൊള്ള വാഗ്ദാനങ്ങള് നല്കാന് തയ്യാറല്ലാത്ത സാഹ്നി പറയുന്നത് ജയിച്ചാല് തൊഴലലുറപ്പിലൂടെ ആള്ക്കാര്ക്ക് ജോലി ലഭ്യമാക്കല് കുറേക്കൂടി എളുപ്പമാകുമെന്ന് സാഹ്നി കരുതുന്നു. തൊഴിലുറപ്പിന് കീഴില് കഴിയുന്നത്ര തൊഴിലവസരം നല്കുമെന്നതാണ് നല്കുന്ന ഉറപ്പ. കൂടാതെ ജയിച്ചാല് വോട്ടര്മാര്ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും അവസരങ്ങളും തരപ്പെടുത്തുമെന്നും പറയുന്നു. നിലവില് കുര്ഹാനി മണ്ഡലത്തിലെ എംഎല്എ ബിജെപിയുടെ കേദാര് ഗുപ്തയാണ്്. ഇത്തവണയും കേദാര് ഗുപ്ത തന്നെയാണ് ഇവിടെ ബിജെപി സ്ഥാനാര്ത്ഥി. ആര്ജെഡിയുടെ അനില് സാഹ്നിയാണ് പ്രധാന എതിരാളി. നംവബര് 7 നാണ് ഇവിടെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പില് ജാതി സമവാക്യങ്ങളില് സാഹ്നി വിശ്വസിക്കുന്നില്ല. പകരം താഴേക്കിടയിലുള്ളവരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. അത് വര്ദ്ധിച്ചാല് വിജയം ഉറപ്പാക്കും.







Comments