ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറണ്‍സിന്റെ മുതിര്‍ന്ന നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ പള്ളിയില്‍ പോകുന്നതില്‍ നിന്ന് വിലക്കി ഭരണകൂടം. നബി ദിനത്തോട് അനുബന്ധിച്ച് ശ്രീനഗറിലെ ഹസ്റത്ബല് മോസ്കില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഫറൂഖ് അബ്ദുള്ളയെ അധികൃതര്‍ തടയുകയായിരുന്നു.
അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പുറത്തേക്കുള്ള വഴി കശ്മീര്‍ ഭരണകൂടം അടച്ചു. ഹസ്റത്ബലിലേക്ക് അദ്ദേഹം പോകുന്നത് തടയാന്‍ വേണ്ടിയാണ് വഴി തടഞ്ഞിരിക്കുന്നതെന്ന് നാഷണല്‍ കോണ്ഫറണ്സ് വക്താവ് അറിയിച്ചു. പ്രാര്‍ത്ഥിക്കാനുള്ള മൗലികാവകാശം തടഞ്ഞ ഭരണകൂടത്തിന്‍െ്റ നടപടി അലപിക്കുന്നുവെന്നും പാര്‍ട്ടി വക്താവ് കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് മുന്നോടിയായി ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ ഒരു വര്‍ഷത്തോളം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ഈ വര്‍ഷമാണ് നേതാക്കളെ മോചിപ്പിച്ചത്. ഫറൂഖ് അബ്ദുള്ളയെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് തടഞ്ഞത്, മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി വിമര്‍ശിച്ചു.






