
മുംബൈ: മഹാത്മാഗാന്ധി പാകിസ്താന്റെ പിതാവാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് പാകിസ്താന് ഉണ്ടായതെന്നും വിവാദ പ്രസ്താവന നടത്തിയ മുന്‍ ബിജെപി വക്താവ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പുതിയ പ്രൊഫസര്‍. വിവാദ നായകനായ അനിലകുമാര്‍ സൗമിത്രയെ 60 ലധികം പേരെ അഭിമുഖം നടത്തിയ ശേഷമാണ് ഒക്ടോബര്‍ 28 ന് നിയമനം നല്‍കിയത്.
രണ്ടുവര്‍ഷത്തെ പ്രൊബേഷനറി പീരിയഡിലാണ് നിയമനം നല്‍കിയിട്ടുള്ളത്. മദ്ധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവായ സൗമിത്ര വിവാദത്തില്‍ കുരുങ്ങുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം വിവാദ പരാമര്‍ശം ഫേസ്ബുക്കില്‍ നടത്തിയതിന്റെ പേരില്‍ ബിജെപി സസ്പെന്റ് ചെയ്തിരുന്നു. രാഷ്ട്രപിതാവിനെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലായിരുന്നു നടപടി. 2019 മെയ് 16 ന് ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ ''പാകിസ്താന് ജനിച്ചത് മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ്. അതുകൊണ്ട് അദ്ദേഹം പാകിസ്താന്റെ രാഷ്ട്രപിതാവാണ് ഇന്ത്യയുടേതല്ല.'' എന്നെഴുതിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാര്‍ത്താ വിനിമയ മന്ത്രാലയം വഴി കേന്ദ്രസര്‍ക്കാര്‍ പണം മുടക്കുന്നതും സ്വയംഭരണ ബോഡിയായ ഐഐഎംസി സൊസൈറ്റി പ്രവര്‍ത്തിപ്പിക്കുന്നതുമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യണിക്കേഷന്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വാര്‍ത്താ വിനിമയ മന്ത്രാലയം സെക്രട്ടറിയുടെ അധിക ചുമതല ഉള്ളയാളുമായ അമിത് ഖരേയാണ് ചെയര്‍പേഴ്സണ്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സഞ്ജയ് ദ്വിവേദിയാണ് ഐഐഎംസിയുടെ ഡയറക്ടര്‍ ജനറല്‍.






