
ഐപിഎൽ 13-ാം സീസണില്‍ എല്ലാവരെയും ഞെട്ടിച്ച ഒരു ടീമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. നല്ല പ്രകടനം കൊണ്ടല്ല മറിച്ച് മോശം പ്രകടനം കൊണ്ടാണ് എന്ന് മാത്രം. ഐപിഎൽ മത്സരം തുടങ്ങിയതിന് ശേഷ ആദ്യമായിട്ടാകാം ധോണിയുടെ ചെന്നൈ പ്ലേ ഓഫ് കാണാതെ മടങ്ങുന്നത്. എന്നാല്‍ ആശ്വസിക്കാന്‍ വക എന്തെന്നാല്‍ അവസാന മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ ജയത്തോടെയാണ് ചെന്നൈ മടങ്ങുന്നത്. ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല പൂര്‍വാധികം ശക്തിയോടെ തിരികെ വരും എന്ന ഒരു സന്ദേശമാണ് ചെന്നൈയുടെ അവസാന മൂന്ന് ജയങ്ങള്‍.
ബോളുകൊണ്ടും ബാറ്റുകൊണ്ടും കിങ്സ് ഇലവൻ പഞ്ചാബിനെ നിഷ്പ്രഭമാക്കി അവസാന കളിയിൽ ജയം നേടിയാണ ചെന്നൈ മടങ്ങുന്നത്. ഏഴ് പന്ത് ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ പഞ്ചാബിന് മേൽ ജയം നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെ പ്രകടനം ഏറെ ശ്രദ്ധനേടി. 49ൽ പന്തിൽ 62 റൺസാണ് ഋതുരാജ് ഇന്നലെ അടിച്ചെടുത്തത്. ഗെയ്ക് വാദിൽ നിങ്ങൾ ഒരു കുഞ്ഞു കോഹ്ലിയെ കാണുന്നില്ലേ എന്നാണ് ഫാഫ് ഡുപ്ലസി ഈ പ്രകടനത്തെക്കുറിച്ച് ചോദിച്ചത്.
ഋതുരാജിന് കൂട്ടായി തൊട്ടടുത്തുനിന്ന് ആ ഇന്നിങ്സ് കണ്ടശേഷമായിരുന്നു ഡുപ്ലസിയുടെ പ്രതികരണം. "ഞങ്ങൾക്ക് ഇത് നിരാശയുടെ സീസൺ ആയിരുന്നു. പക്ഷെ, അവസാനം ഞങ്ങൾ മൂന്ന് ജയങ്ങൾ നേടിയെടുത്തു. ഗെയ്ക് വാദിൽ നിങ്ങൾ ഒരു കുഞ്ഞു കോഹ്ലിയെ കാണുന്നില്ലേ. സമ്മർദങ്ങളെ അതിജീവിക്കാൻ ആ ചെറുപ്പക്കാരന് സാധിക്കുന്നു എന്നതാണ് പ്രത്യേകത. യുവതാരങ്ങൾ അടുത്ത തലത്തിലേക്ക് ഉയരുന്നു എന്നത് ഈ ടൂർണമെന്റിലെ പ്രത്യേകതയാണ്" - ഡുപ്ലസി പറഞ്ഞതിങ്ങനെ.




