
കൊച്ചി : ചോദ്യംചെയ്യലിനു ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. നാളെ കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ കസ്റ്റഡിയിലിരിക്കെയാണ് രവീന്ദ്രനെയും ഇ.ഡി. ചോദ്യംചെയ്യലിനു വിളിച്ചത്.
സ്വപ്ന സുരേഷിന്റെ ദുരൂഹ ഇടപാടുകളെപ്പറ്റിയും ശിവശങ്കറുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ലെന്ന് ഇ.ഡി. കരുതുന്നു. ശിവശങ്കറിന്റെമാത്രം ഒത്താശയോടെ സ്വപ്നയുടെ വഴിവിട്ട പ്രവൃത്തികള്‍ നടക്കാനിടയില്ല.
പരസ്പര സഹായമെന്ന നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രി വിദേശത്തായിരിക്കെയും പല പദ്ധതികള്‍ക്കും ഇവര്‍ ഇടപെട്ട് അനുമതി നല്‍കിയിരുന്നെന്ന് ഇ.ഡി. കരുതുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമെന്നു പ്രതിപക്ഷമടക്കം വിശേഷിപ്പിക്കുന്ന രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.
സ്വപ്നയ്ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുണ്ടെന്നതടക്കം അവരെ പരാമര്‍ശിക്കുന്ന ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയിരുന്നു. എന്നാല്‍, ഇവയൊന്നും മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിയില്ല. റിപ്പോര്‍ട്ടുകള്‍ പഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ചേര്‍ന്നു മുക്കിയെന്നും അതില്‍ ശിവശങ്കറിന്റെ ഇടപെടലുണ്ടെന്നും ഇ.ഡി. കരുതുന്നു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നിരിക്കെ, പലതും മുഖ്യമന്ത്രി അറിയാതെ പോയതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കാന്‍, രാഷ്ട്രീയ നിയമനമെന്ന നിലയില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രന്റെ ശിപാര്‍ശയുണ്ടായിരുന്നു. വിവരങ്ങള്‍ ഗൗരവത്തിലെടുക്കാനോ മുഖ്യമന്ത്രിയെ അറിയിക്കാനോ ശിവശങ്കറിനെ തിരുത്താനോ ശ്രമിച്ചില്ലെന്നാണു കരുതുന്നത്. ശിവശങ്കറിന്റെ താല്‍പ്പര്യത്തിനു വഴങ്ങി ചെയ്ത ഇടപാടുകളെപ്പറ്റി രവീന്ദ്രനോട് ആരായും. കെ ഫോണ്‍, ടോറസ് ഡൗണ്ടൗണ്, ഇ-മൊബിലിറ്റി, സ്മാര്‍ട്ട്സിറ്റി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഏതു വിധമായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രോഗ്രാം തയാറാക്കിയിരുന്ന രവീന്ദ്രന് മറുപടി നല്‍കേണ്ടിവരും.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട രണ്ടു പ്രമുഖര്‍കൂടി അന്വേഷണവലയത്തിലാണ്. ഇവരെയും വിളിപ്പിക്കും. സ്വപ്നയുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനങ്ങളെപ്പറ്റിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനെക്കുറിച്ചുമാകും ചോദിക്കുക. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.






