
വാഷിംഗ്ടണ്‍ ഡി.സി: അവശേഷിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളില്‍ കൂടി മുന്‍തൂക്കം നേടിയതോടെ വിജയത്തിന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. ഇതുവരെയുള്ള ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈറ്റ് ഹൗസിലേക്കുള്ള പ്രയാണത്തില്‍ ട്രംപിനെ ബൈഡന് ഏറെ പിന്നിലാക്കി.
'രാത്രിയേറെ നീണ്ട വോട്ടെണ്ണലില്‍ കൂടുതല്‍ സ്റ്റേറ്റുകളില്‍ വിജയിച്ച് 270 എന്ന മാന്ത്രിക നമ്പറില്‍ എത്തുമെന്നാണ് പ്രതീക്ഷ.'യെന്ന് ബൈഡന് പറഞ്ഞു. ഡെലവെയറിലെ വില്മിങ്ടണില് അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാം ജയിച്ചുവെന്ന് ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ ഞാനില്ല. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നാം ജയിക്കുക തന്നെ ചെയ്യുമെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
'എല്ലാ വോട്ടുകളും എണ്ണുക തന്നെ വേണമെന്നും അമേരിക്കന്‍ ജനത നിശബ്ദരായിരിക്കില്ലെന്നും' ബൈഡന് വ്യക്തമാക്കി. മിഷിഗണില്‍ ബൈഡന് അട്ടിമറി വിജയത്തിലേക്ക് കടന്നതോടെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപിന്റെ ക്യാംപ് എത്തിയിരുന്നു. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ട്രംപ് പക്ഷം.
നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ വിസ്കോണ്‍സിനില്‍ ബൈഡന് 20,000 വോട്ട് ലീഡ് നേടിയതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി മാറിയത്. തൊട്ടുപിന്നാലെ മിഷിഗണും ബൈഡനെ പിന്തുണച്ചു. ഇവിടെ 35,000 വോട്ടിന്റെ ലീഡ് നേടിയ ബൈഡന്, 2016ല്‍ ട്രംപ് നേടിയതില്‍ ഏറെ വോട്ടുകള്‍ നേടി. പെന്‍സില്‍വാനിയയും ബൈഡനെ കൈവിട്ടില്ല. പെന്‍സില്‍വാനിയയിലും ദനിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ട്രംപ്.
ട്രംപിനെ പിന്തുണച്ചിരുന്ന ജോര്‍ജിയയിലും ബൈഡന് നേരിയ ഭൂരിപക്ഷം പിടിച്ചു. ഇതോടെ ഇവിടുത്തെ വോട്ടെണ്ണലും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാംപ് കോടതിയെ സമീപിച്ചു. ഇവിടെ വൈകി പോള്‍ ചെയ്ത 53 വോട്ടുകളില്‍ ഒപ്പുവച്ചിരുന്നില്ലെന്നും ഈ വോട്ടുകള്‍ എണ്ണിയെന്നുമാണ് ട്രംപ് പക്ഷത്തിന്റെ ആരോപണം.
നവേഡയിലും അരിസോണയിലും കൂടി മുന്നിലെത്തിയാല്‍ ബൈഡന് വിജയം ഉറപ്പിച്ചു.






