
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് ശേഷം മാനസീക പീഡനവും പരിഹാസവും പതിവായ സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും മുസഌങ്ങള് വീട് ഉപേക്ഷിച്ചു പോകുന്നതായി റിപ്പോര്‍ട്ട്. ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്തയില്‍ വാങ്ങിയതിനേക്കാള്‍ വളരെ കുറച്ച് കിട്ടുന്ന വിലയ്ക്ക് വീടുകള്‍ വിട്ട് കൂട്ടവും സൗഹൃദവുമെല്ലാം ഉപേക്ഷിച്ച ഇവര്‍ സുരക്ഷിതത്വവും സമാധാനം കിട്ടുന്നതുമായ പ്രദേശത്തേക്കാണ് മാറുന്നത്.
ഡല്‍ഹി കലാപത്തിന് പിന്നാലെ ഇവരെ ലക്ഷ്യമിട്ട് കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള ഭീതി വേട്ടയാടുന്നതോടെയാണ് പുതിയ ഇടം തേടി ഇവര്‍ പോകുന്നത്. ഒരു മാസം മുമ്പാണ് 14 കാരന് ഫിസയും കുടുംബവും ശിവ വിഹാറിലെ വീട് വിറ്റത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കിട്ടിയ വില വളരെ കുറവായിട്ടും കിട്ടുന്ന തുകയ്ക്ക് വീട് നല്കാന് തയ്യാറാകുകയായിരുന്നു. 2010 ലായിരുന്നു ഇവര്‍ വീട് വാങ്ങിയത്. 20 ലക്ഷമായിരുന്നു തുക. എന്നാല്‍ വെറും 12 ലക്ഷത്തിനാണ് ഇവര്‍ വീടു വിറ്റത്. ശിവവിഹാറിലും തൊട്ടടുത്ത പ്രദേശവും സുരക്ഷിതമല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ എട്ടു ലക്ഷം കുറഞ്ഞാലും കുഴപ്പമില്ലെന്ന നിലപാടില്‍ എത്തുകയായിരുന്നു.
കലാപത്തിന് ശേഷം തങ്ങളുടെ ഏരിയയില്‍ നിത്യജീവിതം ഏറെ ദുഷ്ക്കരമായിരിക്കുകയാണെന്ന് ഫിസയുടെ മാതാവ് പറയുന്നു. കലാപത്തിന് ശേഷം ആക്ഷേപിക്കുന്നതും കുത്തുവാക്കുകള്‍ കേള്‍ക്കുന്നതും പതിവാണെന്ന് ഫിസയുടെ മാതാവ് പറയും. കടന്നുപോകുമ്പോള്‍ കൊറോണാ വൈറസ് എന്ന് വിളിച്ച് ആക്ഷേപിക്കും. കലാപകാരികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതും പതിവാണ്. ബിരിയാണി തിന്നുന്നവര്‍ ആയതിനാല്‍ വിശ്വസിക്കരുതെന്നും പറയുന്നത് കേള്‍ക്കാമെന്ന് ഫിസയുടെ മാതാവിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെറുപ്പത്തിലേ ഇവിടെ എത്തി ഇവിടുത്തെ കൂട്ടുകാരികള്‍ക്കൊപ്പം വളര്‍ന്ന ഫിസയ്ക്ക് ഇവിടം വിട്ടു പോകുന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. വിട്ടുപോകുമ്പോള്‍ വീട്ടില്‍ എപ്പോഴും വന്നിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരെ പിരിയേണ്ടി വരുന്നത് അവള്‍ക്ക് താങ്ങാനാകുന്നില്ല. ഹിന്ദുക്കളും മുസഌങ്ങളും ഒരുമിച്ചാണ് ഇവിടെ ഹോളിയും ഈദും ആഘോഷിച്ചിരുന്നതെന്നും എല്ലാവരും ഒരുമിച്ചാണ് ട്യൂഷന് പോയിരുന്നതെന്നും അവള് പറയുന്നു. അവരെയെല്ലാം അത്ര പെട്ടെന്ന് എങ്ങിനെ മറക്കാനാകുമെന്നും ഫിസ ചോദിക്കുന്നു.
നസ്രീനും സമാന അനുഭവമുണ്ട്. കലാപം വരെ ഇവിടും സന്തോഷഭൂമിയായിരുന്നു. എന്നാല്‍ ഈവര്‍ഷം തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ ഹാപ്പി ഹോളി എന്ന് അലറി വിളിക്കാന്‍ കഴിയില്ല. ആരെങ്കിലും ആക്രമിച്ചാലോ എന്നാണ് അവളുടെ പേടി. 36 കാരന് ഇര്‍ഫാനും വീടിന്റെ ഒരു ഭാഗം വിറ്റത് നാലു ലക്ഷം രൂപ നഷ്ടം സഹിച്ചാണ്. കലാപം ഉണ്ടാകുന്നത് വരെ കുടുംബം ഇവിടെ നടത്തിയിരുന്നു ജനറല്‍ സ്്റ്റോറിലെ വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കലാപത്തില്‍ അത് കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ശിവവിഹാറില്‍ നിന്നും എന്നന്നേക്കുമായി പോകാന്‍ മറ്റൊരിടം തപ്പിക്കൊണ്ടിരിക്കുകയാണ് കുടുംബം. കലാപം നേരില്‍ക്കണ്ടതിനെ തുടര്‍ന്ന കുട്ടികള്‍ ആകെ ഭയന്നിരിക്കുകയാണ്. ഇപ്പോഴും പേടികൊണ്ട് പുറത്തിറങ്ങാന്‍ പോലും അവര്‍ ഭയപ്പെടുന്നതായി ഇയാള്‍ പറയുന്നു. കലാപം ഭയപ്പെടുത്തുകയും സാമ്പത്തീക പ്രതിസന്ധി ഉഴുതുമറിക്കുകയും ചെയ്തുമ്പോള്‍ നഷ്ടം സഹിച്ചായാലും തങ്ങളുടെ ഇടം വില്‍ക്കാനൊരുങ്ങുകയാണ് ഇര്ഫാന്.
ശിവവിഹാറില്‍ നിന്നും 50 കുടുംബങ്ങള്‍ വീട് വില്ക്കാന് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണെന്ന് 17 വര്‍ഷമായി ശിവ വിഹാറില്‍ ജോലി ചെയ്യുന്ന മൊഹമ്മദ് റിസ്വാനെ ഉദ്ധരിച്ചും മാധ്യമം പറയുന്നു. നല്ല വില പോലും കിട്ടാതെയാണ് പലരും വില്‍ക്കുന്നത്. തങ്ങളുടെ ഭൂമിക്ക് കിട്ടുന്ന വില കുറവായിട്ടും അവര്‍ തര്‍ക്കത്തിനോ വിലപേശലിനോ മുതിരുന്നില്ല എന്നും ഇതെല്ലാം കലാപത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും ഇയാള്‍ പറയുന്നു.
കലാപത്തെ തുടര്‍ന്ന് ഇവിടെ ആള്‍ക്കാര്‍ക്കിടയില്‍ ജാതീകമായ തരംതിരിവ് വന്നിട്ടുണ്ടെന്നും പറഞ്ഞു. പലരും തങ്ങളുടെ വീട് വിറ്റ് മുസ്തഫാബാദില് സ്വന്തം സമുദായക്കാരുടെ അരികില്‍ തന്നെ താമസിക്കാനാണ് ആഗ്രഹിക്കുന്നത്. ശിവവിഹാറില്‍ നിന്നും മുസഌങ്ങള് വീടു വിറ്റു പോകുന്നതിനെ എതിര്‍ക്കുന്ന ഫര്‍ഹാനാ ഖാന് പോലും ഇവിടെ മുസഌങ്ങള് അപമാനിക്കപ്പെടുന്നതിന് സാക്ഷിയായിട്ടുണ്ടെന്ന് പറയുന്നു. വെകുന്നേരത്തെ പ്രാര്‍ത്ഥനാ സമയത്ത് ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച് തൊട്ടടുത്തുളളവര് പോകുമായിരുന്നു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയ ശേഷം ഉപദ്രവിച്ചിട്ടില്ല.






