കോയമ്പത്തൂര്‍: മേട്ടുപ്പാളയത്ത് 17 ദളിതരുടെ ജീവനെടുത്ത് തകര്‍ന്നുവീണ ജാതിമതില്‍ വീണ്ടും കെട്ടിപ്പൊക്കി. 2019 ഡിസംബര്‍ രണ്ടിനാണ് മേട്ടുപ്പാളയത്തെ ജാതി മതില് ശക്തമായ മഴയില്‍ തകര്‍ന്ന് വീണ് 17 ദളിതര്‍ കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരിയായ എസ്. ശിവസുബ്രഹ്മണ്യം എന്നയാളാണ് ദളിതരായ അയലക്കാരില് നിന്ന് തന്‍െ്റ വീടിനെ വേര്‍തിരിക്കാന്‍ 20 അടി ഉയരമുള്ള ജാതി മതില് നിര്‍മ്മിച്ചത്. ഇത് തകര്‍ന്ന് വീണ് 17 പേര് മരിക്കാനിടയായ സംഭവം വിവാദമായിരുന്നു.
എന്നാല്‍ ദാരുണ സംഭവം നടന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഈ ജാതിമതില്‍ വീണ്ടും കെട്ടിപ്പൊക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ആരംഭിച്ച നിര്‍മ്മാണം നവംബര്‍ ആദ്യ വാരത്തോടെ പൂര്‍ത്തിയായി. മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അനുമതിയോട് കൂടിയാണ് പുതിയ മതില് നിര്‍മ്മിച്ചിരിക്കുന്നത്. ആറടി ഉയരത്തില്‍ മതില് നിര്‍മ്മിക്കാനാണ് മുനിസിപ്പാലിറ്റി അനുമതി നല്‍കിയത്. എന്നാല്‍ പഴയ മതിലിന്െ്റ അതേ ഉയരത്തില്‍ തന്നെയാണ് പുതിയ മതില് കെട്ടിയിരിക്കുന്നത്.
സമീപത്തെ ദളിത് കുടുംബങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മതില് തകര്‍ന്നുവീണത്. മരിച്ച പതിനേഴ് പേരില്‍ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. കേസില്‍ അറസ്റ്റിലായ ശിവസുബ്രഹ്മണ്യത്തിന് കഴിഞ്ഞ ഡിസംബറില്‍ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.






