
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായുള്ള തുക വകമാറ്റിച്ചെലവഴിച്ചെന്ന സി.എ.ജി. റിപ്പോര്‍ട്ടിനു മുമ്പ് പോലീസ് ആസ്ഥാനത്തുനിന്നു രഹസ്യരേഖകള്‍ ചോര്‍ന്നതായി കണ്ടെത്തല്‍. എന്നാല്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിയോഗിച്ച രഹസ്യസമിതിക്കു ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താനായില്ല. കുറ്റക്കാരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പുതല അന്വേഷണത്തിനു പകരം പ്രത്യേകസംഘം അന്വേഷിക്കുന്നതാകും ഉചിതമെന്ന നിലപാടിലാണു സമിതി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
പോലീസ് നവീകരണത്തിനുള്ള തുക വകമാറ്റിയതു സംബന്ധിച്ച് സി.എ.ജി. റിപ്പോര്‍ട്ടിനു മുമ്പേ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുക ഐ.പി.എസുകാര്‍ക്കു ഫഌറ്റ് നിര്‍മിക്കാന്‍ ചെലവഴിച്ചു. വെടിയുണ്ട വിവാദവും പിന്നാലെ പുറത്തായി. ഇതോടെയാണു പോലീസ് ആസ്ഥാനത്തെ സുപ്രധാന ഫയലുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രഹസ്യസമിതിയെ നിയോഗിച്ചത്. എന്നാല്‍, ചോര്‍ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താനാകാതെയാണു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
സുപ്രധാനവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും ചില പ്രതിപക്ഷനേതാക്കള്‍ക്കും ചോര്‍ത്തിക്കൊടുത്തത് ഉന്നതോദ്യോഗസ്ഥരുടെ അറിവോടെയാണെന്ന സംശയത്തേത്തുടര്ന്നാണു സര്‍ക്കാര്‍ വകുപ്പുതലത്തില്‍ അന്വേഷണം നടത്തിയത്. സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുമ്പ് പുറത്തായതും അന്വേഷണപരിധിയിലുണ്ടായിരുന്നു.






