കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. നിലവിലെ മേയര്‍ സൗമിനി ജെയ്ന്‍ യു.ഡി.എഫ് സീറ്റ് നല്‍കിയിട്ടില്ല. കൊച്ചിയിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ സൗമിനി ജെയ്നെതിരെ പല തവണ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ നിന്ന് വരെ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചത്.
കൊച്ചി കോര്പ്പേറനിലെ 63 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലീം ലീഗിന് ആറ് സീറ്റും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റും നല്കി.
അതേസമയം സീറ്റ് നിഷേധിക്കപ്പെട്ട യുവ നേതൃത്വം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. പല തവണ മത്സരിച്ചവര്‍ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്ന സാഹചര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. ചില നേതാക്കള്‍ക്ക് പെരുന്തച്ചന് സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.






