
മലയാള ചലച്ചിത്ര രംഗത്തെ ആദ്യത്തെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് കാലം വിശേഷിപ്പിച്ച നടന്, വീരസാഹസിക നായകന്, കരുത്തനായ യുവാവ്, ശരീര സൗന്ദര്യവും രൂപ സൗകുമാര്യവും കൊണ്ട് ശ്രദ്ധേയനായ അഭിനേതാവ്. ഇതെല്ലാമായ ജയന് സെല്ലുലോയിഡിന്റെ മായിക ലോകത്തു നിന്ന് വിട പറഞ്ഞിട്ട് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയാകുന്നു.
കൊല്ലം തേവള്ളിയിലെ ഓലയില്‍ പൊന്നച്ചം വീട്ടില്‍ സത്രം മാധവന്‍പിള്ളയുടേയും, ഭാരതിയമ്മയുടേയും രണ്ടാണ്മക്കളില് മൂത്തയാളായിരുന്നു കൃഷ്ണന് നായര്‍. രണ്ടാമന് സോമന് നായര്‍. 1935 ജൂലൈ 25-നായിരുന്നു കൃഷ്ണന് നായരുടെ ജനനം.
കൊല്ലം ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ എന്‍.സി.സി. ലീഡറായിരുന്നു. ഹൈസ്ക്കൂള് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1960-ല്‍ നേവിയില്‍ സബ്ബ് ലഫ്റ്റനന്റ് കേണലായി ജോലിയില്‍ പ്രവേശിച്ചു. ജോലി ചെയ്യുമ്പോഴും അടങ്ങാത്ത അഭിനയമോഹം മനസില്‍ സൂക്ഷിച്ച ജയന് പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം മുപ്പത്തിയഞ്ചാം വയസില്‍ വിരമിച്ചു. കൊച്ചിയില്‍ ചില ബിസിനസുകള്‍ തുടങ്ങി.
സിനിമാനടനാവണമെന്ന മോഹം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ ഇക്കാലത്ത് തുടങ്ങി. സ്റ്റണ്ട് മാസ്റ്ററായിട്ടായിരുന്നു തുടക്കം. മെല്ലെ മെല്ലെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.1976- ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം നല്കി.ഒരു പാട്ടുകാരന്റെ റോള്‍. തുടര്‍ന്ന് ഹരിഹരന് സംവിധാനം ചെയ്ത പഞ്ചമി എന്ന ചിത്രത്തിലെ വില്ലനായ ഫോറസ്റ്റ് റേഞ്ചറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടു കൂടി എം. കൃഷ്ണന് നായര്‍ ജയനെന്ന ചലച്ചിത്ര താരമായി. നടി ജയഭാരതി ജയന്റ മുറപ്പെണ്ണാണ്. ജയഭാരതിയാണ് ജയനെ ഹരിഹരന് പരിചയപ്പെടുത്തിയത്. നടന് ജോസ് പ്രകാശാണ് ജയന് എന്ന പേര് നിര്‍ദ്ദേശിച്ചത്.
കാലം കടന്നു പോകവേ ഹരിഹരന് വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി ജയനെ തേടിയെത്തി. ' ശരപഞ്ജര'ത്തിലെ നായകനും വില്ലനും ജയനായിരുന്നു. ഷീലയായിരുന്നു നായിക.ആ സിനിമയില്‍ കുതിരയെ എണ്ണയിട്ട് മസാജ് ചെയ്യുന്ന രംഗം ജയനെ ഏറെ പ്രശസ്തനാക്കി. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്. ജയന്റെ വിരിഞ്ഞ മാറും മസിലുള്ള കൈകളും ആകാര വടിവും കണ്ട് പ്രേക്ഷകര്‍ പൗരുഷത്തിന്റെ പ്രതീകമായി ജയനെ വാഴ്ത്തി. ശക്തനായ നായകന് എന്നു വിശേഷിപ്പിച്ചു. വേറിട്ടൊരു അഭിനയശൈലിയിലൂടെ ജയന് അഭിനയകലയില്‍ തേരോട്ടം തുടങ്ങി.
അക്കാലത്ത് മലയാള സിനിമയിലെ ഒന്നാംനിര സംവിധായകരായിരുന്ന എ.ബി.രാജ്, ഹരിഹരന്, ബേബി, ശ്രീകുമാരന്‍ തമ്പി, വിജയാനന്ദ്, ഐ.വി. ശശി തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം ജയന് നായകനായി. കരിമ്പന, തടവറ, മീന്‍, കാന്തവലയം, പുതിയ വെളിച്ചം, ഇരുമ്പഴികള്‍, ചന്ദ്രഹാസം, മൂര്‍ഖന്‍, കഴുകന്, ലൗ ഇന്‍ സിംഗപ്പൂര്‍, ശക്തി, ഇടിമുഴക്കം, ലിസ, ആവേശം, നായാട്ട്, അങ്ങാടി തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടങ്ങളേയും ചങ്കൂറ്റത്തോടെ നേരിടുന്ന നായക വേഷങ്ങള്‍.
സാഹസിക രംഗങ്ങളില്‍ അഭിനയിക്കാനായിരുന്നു ജയനേറെ ഇഷ്ടം. അത് പ്രേക്ഷകരില്‍ ജയന് പ്രത്യേക ഇമേജ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ സാഹസിക രംഗങ്ങള്‍ ജയന് സിനിമകളില്‍ അവിഭാജ്യ ഘടകമായി മാറി. നടി ജയഭാരതി ജയനേക്കുറിച്ച് പറഞ്ഞത് ഓര്‍മ്മിക്കുന്നു.'ഒരു ഡ്യൂപ്പ് ജീവന് പണയപ്പെടുത്തിക്കിട്ടുന്ന കൈയ്യടി എനിക്കു വേണ്ട'.
ഡ്യൂപ്പില്ലാതെ അഭിനയിക്കണമെന്ന നിര്‍ബ്ബന്ധം. അതാണ് 'കോളിളക്കം' സിനിമയുടെ ചിത്രീകരണ വേളയില്‍ ജയന്റെ ജീവന് നഷ്ടപ്പെടുത്തിയത് ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടന്ന് വില്ലനായ ബാലന് കെ നായരുമായി ഏറ്റുമുട്ടുന്ന രംഗം. ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ജയന് തയ്യാറായി. പൂര്‍ത്തിയാക്കിയ രംഗം അല്‍പ്പം കൂടി സ്വാഭാവികത വരുത്താന്‍ ഒരു റീടേക്കിനു കൂടി ജയന് തയ്യാറായി. ഒരു തനിയാവര്‍ത്തന സീന്‍!
1980 നവംബര്‍ 16. നട്ടുച്ച നേരം. ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് ജയന് ചിത്രീകരണത്തില്‍ പങ്കെടുത്തത്.ഒരു ബിസ്ക്കറ്റു പോലുമില്ലേ കഴിക്കാന്‍? എന്ന് ജയന് ചോദിച്ചിരുന്നു. ചെന്നൈ നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ ഷോലവാരത്ത് പ്രതിരോധ വകുപ്പിന്റെ അധീനതയിലുള്ള മൈതാനത്തെ റണ്‍ വേയില്‍ വച്ചായിരുന്നു ഷൂട്ടിങ്. അപകടത്തില്‍പ്പെട്ട ആ ആകാശ നൗകയില്‍ പൈലറ്റും ബാലന് കെ നായരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. താഴ്ന്ന് പറന്നു പോകുന്ന ഹെലിക്കോപ്റ്ററില്‍ കയറിപ്പറ്റാനായി സുകുമാരന്‍ ഓടിക്കുന്ന മോട്ടോര്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ എഴുന്നേറ്റു നിന്ന് ലാന്‍ഡിങ് പാഡില്‍ പിടിച്ചു കയറുന്ന അതിസാഹസികമായ രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്.
ലാന്‍ഡിങ് പാഡില്‍ തൂങ്ങിക്കിടക്കുന്ന ജയനെ വില്ലനായ ബാലന് കെ. നായര്‍ തള്ളിയിടാന്‍ ശ്രമിക്കുന്ന രംഗമായിരുന്നു പകര്‍ത്തിക്കൊണ്ടിരുന്നത്. ഈ സമയം ആകാശപ്പക്ഷി ആടിയുലഞ്ഞു. അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഹെലിക്കോപ്റ്റര്‍ ശക്തമായി ഭൂമിയില്‍ വന്നിടിച്ചു. ഹെലിക്കോപ്റ്റര്‍ നിലത്തിടിച്ചു വീണയുടന്‍ ബാലന് കെ നായരും, പൈലറ്റും ചാടി രക്ഷപ്പെട്ടു.
ജയന് ഹെലിക്കോപ്റ്ററിന് അടിയിലായിപ്പോയി. കരുത്തനായ ആ യുവാവ് ഞെരിഞ്ഞമര്‍ന്നു. ഭൂമിയില്‍ പതിച്ച ഹെലിക്കോപ്റ്റര്‍ ജയനേയും കൊണ്ട് കുറേ ദൂരം മുന്നോട്ടു പോയി. അതിനിടയില്‍ ഹെലിക്കോപ്റ്ററിനു തീ പിടിച്ചു.
പെട്ടെന്ന് ഓടിക്കൂടിയ സഹപ്രവര്‍ത്തകര്‍ ജയനെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട ജയനേയും കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കാര്‍ മദ്രാസ് ജനറല്‍ ഹോസപിറ്റലിലേക്ക് പാഞ്ഞെങ്കിലും വഴിമദ്ധേ കാര്‍ കേടായി. ഒടുവില്‍ മൂന്നര മണിയോടെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ആറര മണിയോടെ മലയാളികളുടെ പ്രിയങ്കരനായ താരം കാലത്തിന്റെ കാണായ വനികക്കപ്പുറത്തേക്ക് മറഞ്ഞു. 41 വയസു മാത്രമായിരുന്ന ജയന്റെ ജീവന് വിധി കവര്‍ന്നില്ലായിരുന്നുവെങ്കില്‍ ഇനിയുമെത്രയോ ആക്ഷന്‍ ത്രില്ലറുകള്‍ മലയാള സിനിമക്കു ലഭിക്കുമായിരുന്നേനെ.
ആറു വര്‍ഷത്തെ അഭിനയ ജീവിതം. 116 സിനിമകള്‍. പക്ഷേ അനേകം വര്‍ഷം വെള്ളിത്തിരയില്‍ നിറഞ്ഞാടിയതുപോലുള്ള അനുഭവം! ജയന്റ സാന്നിദ്ധ്യം, പ്രസക്തി എത്രയോ വലുതായിരുന്നു ലക്ഷക്കണക്കിനു സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന നക്ഷത്രം.
മരിച്ചു മണ്ണായിട്ടും ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ട നടന്. 'ജയന് മരിച്ചിട്ടില്ലെന്നും, അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ടെന്നും ലേഖന പരമ്പരകളും, ചിത്രകഥകളും, പുസ്തകങ്ങളും ഇറങ്ങി. ഇന്ന് മിമിക്രിക്കാര് അദ്ദേഹത്തെ കോമാളി വേഷം കെട്ടിച്ചു രസിക്കുന്നു.
ബേബി ജോര്‍ജ് രാജാക്കാട്



