അടുക്കുംതോറും അകലുന്ന
ആകാശം
അകന്നാലും അടക്കിപ്പിടിക്കുന്ന
ഭൂമി,
ഇവരില്‍ ആരേയെന്ന്
വിഷാദപ്രകാശം,
ഭൂമിയോളം സുന്ദരിയല്ല
സ്വര്‍ഗ്ഗമെന്ന് 'മേഘസന്ദേശം',
ഇവിടുത്തെ അനശ്വരത
പോരെയെന്ന് ജന്മനക്ഷത്രം,
പാടുന്ന കുയിലുകള്‍,
പുഞ്ചിരിക്കുന്ന പൂക്കള്‍,
പെയ്യുന്ന മുകില്‍നിര,
ആടുന്ന മയിലുകള്‍,
തഴുകുന്ന ഇളം കാറ്റ്,
ഇവയൊക്കെ ഭൂമിക്ക്
സ്വന്തമെന്ന് നെബൂല
വിണ്ണിലോ...
ഇന്ധനം തീര്ന്നില്ലാതായ
പേടകാവശിഷ്ടങ്ങള്‍,
സ്വയം കത്തിയില്ലാതാവുന്ന
നക്ഷത്ര സമൂഹങ്ങള്‍,
വാചാലതയെ പോലും
നിശബ്ദമാക്കുന്ന ശൂനൃത
നിറങ്ങളെ കാര്‍ന്നുതിന്നുന്ന
അന്ധകാരം,
അനശ്വരതയില്‍ ആണ്ടുപോയ
മറ്റെന്തൊക്കെയോ
അറിയാകാഴ്ചകള്‍ !
എന്നിട്ടും ചില വാല്നക്ഷത്രങ്ങള്
പിടിച്ച് വിണ്ണിന്റെ തട്ട് താഴ്ത്തുമ്പോള്‍
ഭൂമി 9.81 എന്നൊരു
ഭൗമാകര്ഷണ പ്രേമത്തെ
തുളസ്സികതിരാക്കി തട്ടിലിരുത്തുന്നു;
ഒടുവില്‍ ഭൂമി മതിയെന്നാവുമ്പോള്
ഇന്ധനം വേണ്ടുന്ന ദേഹം
ഭൂമിയിലേക്കും ,
വേണ്ടാത്ത ദേഹി വിണ്ണിലേക്കും
ഗതിമാറി പ്രയാണം!
ടി ഐശ്വര്യ




