
മുംബൈ: എം.എന്‍.എസ് നേതാവ് രാജു പട്ടീലിനെ 2015ല്‍ വധിച്ച കേസില്‍ അധോലോക ഗുണ്ടാനേതാവ് രവി പൂജാരിയെ മുംബൈ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കാന്‍ ബംഗലൂരു കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 10ന് മുന്‍പായി പത്തു ദിവസത്തേക്ക് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്ലിന് വിട്ടുനല്‍കാനാണ് വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്.
എം.എന്‍.എസ് നേതാവിന്റെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റമാണ് രവി പൂജാരിക്കെതിരെ മുംബൈ കോടതിയിലുള്ളത്. കേസിലെ മറ്റ് ആറ് പ്രതികള്‍ക്കെതിരെ വിചാരണ ഇതിനകം പൂര്‍ത്തിയായി. ഡിസംബറില്‍ വിധി പറയും. ഇക്കാലമത്രയും വിദേശത്ത് ഒളിവിലായിരുന്ന രാവി പൂജാരിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സെനഗലില്‍ പിടിയിലായ രവി പൂജാരിയെ 22 മാസം മുന്‍പാണ് ബംഗലൂരു പോലീസിന് വിട്ടുകൊടുത്തത്. മുംബൈയില്‍ മാത്രം ഇയാള്‍ക്കെതിരെ 49 കേസുകളാണുള്ളത്. ഇവയില 26 എണ്ണവും മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം നിയന്ത്രണ നിയമ (മക്കോക) പ്രകാരമുള്ളതാണ്. 11 കേസുകളില്‍ റെഡ് കോര്‍ണര്‍ നോട്ടീസും നല്‍കിയിരുന്നു.
മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളില്‍ ചിലത് സിബിഐ പിന്നീട് ഏറ്റെടുത്തിരുന്നു. അധോലോക നേതാവ് ഛോട്ടാ രാജനുമായി ചേര്‍ന്ന് നടത്തിയ കുറ്റകൃത്യങ്ങളാണ് ഇവയില്‍ ഏറെയും. കൊലപാതകം മുതല്‍ പണാപഹകരണ കേസുകള്‍ വരെയുണ്ട്.






