ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്െ് മൂന്നാം തരംഗമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാതെ ചില മാര്‍ക്കറ്റുകള്‍ കോവിഡ് ഹോട്ട്സ്പോട്ട് ആയി മാറുകയാണെന്ന് മുഖ്യമന്ത്രി കെജ്രിവാള് പറഞ്ഞു. ഇത്തരം മാര്‍ക്കറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എല്ലാ ഏജന്‍സികളും ഇരട്ടി പ്രയത്നം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള് പറഞ്ഞു.
രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 200ല്‍ നിന്ന് അമ്പത് ആയി കുറയ്ക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.






