
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും അദേഹത്തിന്റെ ഭരണകൂടത്തേയും വിമര്‍ശിച്ച് യുഎസിന്റെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് അടുത്ത പ്രസിഡന്റിനായി വഴിമാറാത്തതിലാണ് ട്രംപിനെതിരെ മിഷേലിന്റെ വിമര്‍ശനം.
'നമ്മുടെ ചരിത്രത്തിലുടനീളം സിറ്റിംഗ് പ്രസിഡന്റുമാര്‍ ചെയ്തതുപോലെ, എല്ലാ അമേരിക്കക്കാരോടും പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിലെ നേതാക്കളോടുമായി മിഷേല്‍ അഭ്യര്‍ത്ഥന നടത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയയെ ബഹുമാനിക്കണമെന്നും, അധികാരത്തിന്റെ സുഗമമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ പങ്ക് നിര്‍വഹിക്കണം.. എന്ന് മിഷേല്‍ ഒബാമ പറഞ്ഞു.
താനും ഭര്‍ത്താവ് ബാരക് ഒബാമയും ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തതെങ്ങനെയെന്ന് അനുസ്മരിച്ചുകൊണ്ടാണ് മിഷേല്‍ ഒബാമയുടെ വിമര്‍ശനം. 2016 ലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ നിരാം മാറ്റിവെച്ചുകൊണ്ടായിരുന്നു നിയുക്ത പ്രസിഡന്റിനെ സ്വീകരിച്ചതെന്നും അവര്‍ ഓര്‍ത്തെടുത്തു.
തനിക്ക് വേദനയും നിരാശയും തോന്നിയെങ്കിലും അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പിന് ബഹുമാനിച്ചു. പ്രസിഡന്റ് സ്ഥാനം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ അല്ലെന്നും മിഷേല്‍ കുറിച്ചു.
ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നത് തനിക്ക് എളുപ്പമായിരുന്നില്ലെന്ന് അവര്‍ തുറന്നെഴുതി. ഡൊണാള്‍ഡ് ട്രംപ് തന്റെ ഭര്‍ത്താവിനെക്കുറിച്ച് വംശീയ നുണകള്‍ പ്രചരിപ്പിച്ചത് തന്റെ കുടുംബത്തെ വരെ അപകടത്തിലാക്കിയിരുന്നു. അത് ക്ഷമിക്കാന്‍ തയാറല്ലാത്ത ചിലതാണെന്നും അവര്‍ കുറിച്ചു. മെലാനിയ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുകയും അവിടെ താമസിക്കുന്നതിലും കുട്ടികളെ വളര്ത്തിയതിലുമുള്ള സ്വന്തം അനുഭവത്തെക്കുറിച്ച് അവരോട് സംസാരിച്ചിരുന്നതായും മിഷേല്‍ കുറിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയത്തെ അംഗീകരിക്കാത്ത ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മിഷേല്‍ ഒബാമയുടെ താരതമ്യ കുറിപ്പ്.






