
ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ 'കോവിഡ് സാഹചര്യം' റിപ്പോര്‍ട്ട് ചെയ്തതിന് 'സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്' ആറു മാസമായി തടവില്‍. സോഷ്യല്‍മീഡിയ വഴിയാണ് വുഹാനില്‍ നിന്നുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ അവര്‍ തടങ്കലില്‍ കഴിയുകയാണ്.
വൈറസ് പ്രതിരോധിക്കുന്നതില്‍ വുഹാന്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിനാണ് ഷാങ് ഷാനെ പോലീസ് ബലമായി കസ്റ്റിഡയിലെടുത്തത്. കോവിഡ് 19 പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ട് ചെയ്തതിന് പ്രശംസിക്കപ്പെട്ട മുന്‍ അഭിഭാഷകനായ ഷാങിനെതിരെ നിലവില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍.
ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ ടെസ്റ്റ് വഴിയും വീഡിയോ ക്ലിപ്പ് വഴിയെും തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വുഹാനിലെ വൈറസ് സാഹചര്യത്തെക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം പങ്കുവെച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവ് നല്‍കണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞ മെയ് 14 നാണ് ഷാനെ വുഹാനില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് അടുത്ത ദിവസം 640 കിലോമീറ്റര്‍ അകലെയുള്ള ഷാങ്ഹായില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തതായി പോലീസ് വെളിപ്പെടുത്തി. സെപ്റ്റംബറിലാണ് അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടായത് പോലും.






