
പത്തനംതിട്ട: ആഭിചാര ക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോരുവഴി സ്വദേശിയായ ടി. രഞ്ജു അറസ്റ്റിൽ. അടൂരിലെ വീട്ടുകാർ ആഭിചാര ക്രിയയ്ക്കായി കൊല്ലം പോരുവഴിയിലെ ഒരു പഞ്ചായത്ത് അംഗം വഴിയാണ് ഇയാളെ വിളിച്ചതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പത്താം തീയതി രാത്രി വീട്ടിലെത്തിയ ഇയാൾ ആഭിചാര ക്രിയയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. തുടർന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പട്ടികജാതി–പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
ഇയാൾ ഇത്തരം പ്രവർത്തനങ്ങളിൽ മുൻപ് ഏർപ്പെട്ടിരുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജു മുൻപ് ബിജെപിയുടെ കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞെങ്കിലും, പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അടൂർ പൊലീസ് അറിയിച്ചു.






