
തിരുവനന്തപുരം: വിവാദമായ പി.എം. ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും സംസ്ഥാന സര്‍ക്കാര്‍ അതില്‍ അംഗമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചതാണ്. പദ്ധതിയില്‍ കഴിഞ്ഞസര്‍ക്കാര്‍ എഗ്രിമെന്റ് വെച്ചതുകൊണ്ടു തന്നെ പുതിയതായി വന്ന യുഡിഎഫ് സര്‍ക്കാര്‍ അത് തുടരാന്‍ നിര്‍ബ്ബന്ധിതരാണെന്നും കരിക്കുലം സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുമെന്നും പറഞ്ഞു.
മന്ത്രിസഭാംഗങ്ങളെ വരെ ഇരുട്ടില്‍ നിര്‍ത്തിയാണ് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായത്. ഈ സര്‍ക്കാരും പദ്ധതി തുടരാന്‍ നിര്‍ബ്ബന്ധിത രാണ്. എന്നാല്‍ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാന്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പറഞ്ഞു. പദ്ധതിയില്‍ എല്ലാ സംസ്ഥാനങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ബിജെപി ഇതര സര്‍ക്കാരുകളുമായി ഈ വിഷയം ചര്‍ച്ചചെയ്ത ശേഷം തീരുമാനം എടുക്കും. പദ്ധതി പഠിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക ഉപസമിതിയെ രൂപീകരിച്ചു. മന്ത്രിമാരായ റോജി എം. ജോണും എം.ലിജുവും പി.സി. വിഷ്ണുനാഥും ഇതില്‍ അംഗമാകും.
പി.എം. ശ്രീ പദ്ധതിയിലൂടെ വരുന്ന പണം കേന്ദ്രത്തിന്റെ ഔദാര്യമല്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇവിടുത്തെ ജിഎസ്ടിയുടെ പകുതിയും ആദായനികുതി മുഴുവനും കൊണ്ടുപോകുന്നത് കേന്ദ്രസര്‍ക്കാരാണ്. കരിക്കുലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ എതിര്‍ത്ത് മുന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും എത്തി. മുന്‍ സര്‍ക്കാര്‍ പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് വാങ്ങിയിട്ടില്ലെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
പി.എം. ശ്രീ പദ്ധതി നടപ്പാക്കേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. പി.എം.ശ്രീ പദ്ധതി നടപ്പാക്കാനാകില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതാണ്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ താന്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഉപസമിതി ജനങ്ങളെ പറ്റിക്കാനാണെന്നും കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാരിന്റെ അഡ്ജസ്റ്റ്മെന്റാണെന്നും പറഞ്ഞു.






