
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ചാകരയായത് സെപ്ലെകോയിലെ സിന്‍ഡിക്കേറ്റ് ഗ്രൂപ്പിന്. തുണിയിടപാടില് മാത്രം 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനു പുറമേ കിറ്റിലേക്കുള്ള സാധനങ്ങള്‍ എത്തിച്ചവകയിലും ഈ സംഘം പോക്കറ്റിലാക്കിയതു കോടികള്‍.
ഒരു വന്‍കിട കരാറുകാരന്, ഒരു രാഷ്ട്രീയ നേതാവ്, ഒരു ഇടനിലക്കാരന് എന്നിവരാണു സെപ്ലെകോയെ ഏറെ നാളായി നിയന്ത്രിക്കുന്ന സംഘത്തിലുള്ളത്. സെപ്ലെകോയിലേക്കു സാധനങ്ങള്‍ എത്തിച്ചിരുന്ന ഒരു കരാറുകാരന്റെ ദിവസക്കൂലിക്കാരനായെത്തിയ ആളാണു പിന്നീട് സിവില്‍ സെപ്ലെസ് വകുപ്പിനെ നിയന്ത്രിക്കുന്ന വന്‍കിട കരാറുകാരനായത്. പാലക്കാട് ജില്ലയില്‍ നിര്‍ണായക സ്വാധീനമുളളയാളാണ് രാഷ്ട്രീയ നേതാവ്.
ഇവരെയും തിരുവനന്തപുരത്തുള്ള പ്രമുഖരെയും ബന്ധിപ്പിക്കുന്നത് ചേര്‍ത്തല സ്വദേശിയായ ഇടനിലക്കാരനാണ്. ഇടനിലക്കാരന്റെ ഫോണ്‍കോളുകളും യാത്രകളും പരിശോധിച്ചാല്‍ തട്ടിപ്പിന് ഒത്താശ ചെയ്യുന്നവരെ കണ്ടെത്താനാകും. മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് സെപ്ലെകോ സി.എം.ഡി യായിരിക്കെ ശക്തമായ നടപടിയെടുത്തെങ്കിലും സെപ്ലെകോയുടെ കേസുകള്‍ കോടതിയില്‍ ദുര്‍ബലമാകുന്ന സ്ഥിതി ഉണ്ടായി. സര്‍ക്കാര്‍ അഭിഭാഷകരില്‍ ചിലര്‍ ഇതിനു കൂട്ടുനിന്നു. സെപ്ലെകോ കരാര്‍ നടപടികള്‍ സുതാര്യമാക്കാന്‍ മന്ത്രി പി. തിലോത്തമന് ഇ-ടെന്‍ഡര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ഈ സംഘം തന്ത്രപരമായി അട്ടിമറിച്ചു.
ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നവര്‍ക്ക് (എല്‍-1) ടെന്‍ഡര്‍ നല്‍കണമെന്നാണു ചട്ടം. അവര്‍ കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ അതിനു തൊട്ടടുത്ത നിരക്ക് രേഖപ്പെടുത്തുന്നവര്‍ക്ക് (എല്‍-2) ടെന്‍ഡര്‍ അനുവദിക്കണം. അവരും പിന്മാറിയാല് അടുത്തയാള്‍ക്ക്. മിക്കവാറും എല്ലാ കരാറുകളിലും കുറഞ്ഞ നിരക്കു രേഖപ്പെടുത്തുന്നത് സിന്‍ഡിക്കേറ്റ് ഗ്രൂപ്പിനു നേതൃത്വം നല്കുന്ന കരാറുകാരന്റെ ബിനാമികളാകും. കരാര്‍ അനുവദിച്ചതിനു ശേഷം ഇവരെല്ലാം പിന്മാറുന്നതോടെ സെപ്ലെകോ ടെന്‍ഡര്‍ നീട്ടും.
തുടര്‍ന്ന്, ഡിപ്പോ മാനേജര്‍മാരെ സ്വാധീനിച്ച് സാധനത്തിന് ക്ഷാമം നേരിടുമെന്നും വിതരണം തടസപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ടാക്കും. തുണി സഞ്ചിയുടെ കാര്യത്തിലും ഇതാണു സംഭവിച്ചത്. അങ്ങനെവരുമ്പോള്‍ ഡിപ്പോകള്‍ക്കു നേരിട്ടു സാധനങ്ങള്‍ വാങ്ങാന്‍ അനുവാദം ലഭിക്കും. അതിലൂടെ തട്ടിപ്പ് നടപ്പാക്കും. ഉദ്യോഗസ്ഥര്‍ സ്വാധീനത്തിനു വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയോ സ്ഥലംമാറ്റുകയോ ചെയ്യും. ഇടനിലക്കാരന്റെ തിരുവനന്തപുരത്തെ സ്വാധീനമാണ് ഇതിനുപയോഗിക്കുന്നത്. കോവിഡ് അതിജീവനക്കിറ്റ് മുതല്‍ പ്രതിമാസക്കിറ്റുകള് വരെ കോടികളുടെ തട്ടിപ്പാണ് അരങ്ങേറുന്നത്. ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടവും ശര്‍ക്കരയുമെല്ലാം ഉള്‍പ്പെട്ടത് ഇതിന്റെ ഫലമായാണ്.






