
കൊച്ചി : പാലാരിവട്ടം പാലത്തിനു പിന്നാലെ മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ പത്തു പാലങ്ങളുടെ നിര്‍മാണത്തിലെ അഴിമതികളില്‍ പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. പൊന്നാനി ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, എറണാകുളം പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, ആലുവ മണപ്പുറം സ്ഥിരം മേല്‍പാലം എന്നിവയും ഇതിലുള്‍പ്പെടും. പാലാരിവട്ടത്തിനു പുറമേ ഈ കേസുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്യാനാണു നിയമോപദേശം.മിക്കതിലും ത്വരിതാന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പാലാരിവട്ടം പാലം കേസില്‍ ആറുമാസം മുമ്പേ അന്വേഷണം കഴിഞ്ഞെങ്കിലും ലോക്ഡൗണ്‍ കാരണം തുടര്‍ നടപടി വൈകുകയായിരുന്നു.
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്
സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റര്‍ കം ബ്രിഡ്ജ്. 978 മീറ്റര്‍ നീളമുള്ള പാലത്തിനും റെഗുലേറ്ററിനുമായി 148 കോടി രൂപ ചെലവിട്ടു. പദ്ധതി യാഥാര്‍ഥ്യമായി ഏഴുവര്‍ഷമായിട്ടും ഒരുതുള്ളി വെള്ളംപോലും സംഭരിക്കാനായിട്ടില്ല. നിര്‍മാണത്തിലെ അശാസ്ത്രീയതയും റെഗുലേറ്ററിലെ ചോര്‍ച്ചയുമാണു കാരണം. അഞ്ച് അപ്രോച്ച് റോഡുകള്‍ക്കു ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്കിയ തില്‍ 35 കോടിയുടെ അഴിമതിയാണു ആരോപിക്കുന്നത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെ കൂടാതെ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി: കെ.എസ്. രാജു, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്, ജനറല്‍ മാനേജര്‍ ശ്രീനാരായണന്, മാനേജിങ് ഡയറക്ടര്‍ പി.ആര്. സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, അണ്ടര്‍ സെക്രട്ടറി എസ്. മാലതി, കരാറുകാരായ പി.ജെ. ജേക്കബ്, വിശ്വനാഥന് വാസു അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയാണു എഫ്.ഐ.ആര്.
ആലുവ മണപ്പുറം പാലം അഴിമതി
ആലുവ മണപ്പുറം പാലം അഴിമതി ആരോപണത്തില്‍ വിജിലന്‍സ് പുനഃരന്വേഷണം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ പ്രതികളാകുമെന്നാണു സൂചന. 2014 ലാണു ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആലുവ മണപ്പുറത്ത് സ്ഥിരം നടപ്പാലം നിര്‍മിച്ചത്. ആറു കോടി രൂപയ്ക്കായിരുന്നു നിര്‍മാണ കാരാറെങ്കിലും പൂര്‍ത്തിയാക്കിയതു 17 കോടിയ്ക്ക്. പരിചയമില്ലാത്ത കമ്പനിക്കു കരാര്‍ നല്‍കിയതിലൂടെ 4.20 കോടി നഷ്ടം ഉണ്ടായെന്നാണു പരാതി.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്
ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി ആരംഭിച്ചതു 2013 ലാണ്. നാലു കോടിയുടെ ക്രമക്കേടാണു ആരോപിക്കുന്നത്. നിര്‍ദ്ദേശിച്ച ആഴം പാലിക്കാതെ പില്ലറുകളുടെ നിര്‍മ്മാണത്തിലാണു അഴിമതി. 13 പ്രതികളുണ്ടായിരുന്ന കേസില്‍ ഗവ. സെക്രട്ടറിമാരടക്കം ആറു പേരെ ഒഴിവാക്കി ഏഴുപേര്‍ക്കെതിരായ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്കുമെന്നാണറിയുന്നത്. അന്നത്തെ ജലസേചന സെക്രട്ടറി വി.ജെ. കുര്യന്, ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം അടക്കമുള്ളവര്ക്കെതിരോണ് അന്വേഷണം നടത്തിയത്.
ആലുവ നടപ്പാലം: കേസ് വിശദവാദത്തിന് മാറ്റി
മൂവാറ്റുപുഴ: മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ആരോപണമുയര്‍ന്ന ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മാണ അഴിമതി കേസില്‍ വിശദവാദം കേള്‍ക്കുന്നതിന് 2021 ഫെബ്രുവരി ഒന്‍പതിലേക്ക് കേസ് മാറ്റി. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നലെ വാദം നടന്നു. കേസ് സംബന്ധിച്ച െഹെക്കോടതി ജഡ്ജ്മെന്റും രേഖകളും ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിജിലന്‍സിന്റെ നേരത്തെയുള്ള റിപ്പോര്ട്ടിന്മേല് എതിര്‍പ്പ് ഫയല്‍ ചെയ്യാന്‍ ഹര്ജിക്കാരന് കോടതി അനുവാദം നല്കി.
അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി എം.പി.എം. മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്, മധ്യമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.പി. ബെന്നി, എറണാകുളം ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍, ബ്രിഡ്ജസ് സബ്ഡിവിഷനിലെ ശ്യാംമോന്‍ കെ.കെ., പിയൂഷ് വര്‍ഗീസ്, ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്, നിര്‍മാണ കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ രാജന് എന്നിവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്.






