
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ തങ്ങളുടെ അധികാര പരിധിയിൽ അല്ലെങ്കിലും കേസ് എടുക്കണമെന്ന് പോലീസിന് നിർദേശം.
അധികാര പരിധി അല്ലെങ്കിലും വിവരം ലഭിച്ചാൽ ആദ്യം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. പിന്നീട് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറാം. അതല്ല, അധികാര പരിധിയല്ലെന്ന കാരണത്താൽ കേസ് എടുക്കാതിരിക്കരുത് എന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ഇതിന് വീഴച വരുത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും.
ശിക്ഷാർഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്ത സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥനെ ശിക്ഷിക്കും.
ലൈംഗികാതിക്രമ കേസുകളിൽ 24 മണിക്കൂറിനുള്ളിൽതന്നെ വൈദ്യപരിശോധന നടത്തണം. അക്രമത്തിനു ഇരയായ വ്യക്തി മ രിച്ചുപോകുന്ന സാഹചര്യമുണ്ടായാൽ മരണമൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണത്താലോ മൊഴിയെടുക്കുന്ന സമയത്ത് മറ്റാരും ഇല്ലായിരുന്നെന്ന കാരണത്താലോ ഒഴിവാക്കരുത് എന്നും നിർദേശമുണ്ട്.
മറ്റു നിർദേശങ്ങൾ ;
മാനഭംഗക്കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണം.
വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കണം സ്ത്രീകളുടെ മൊഴിയെടുക്കേണ്ടത്.
പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുമ്പോൾ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നൽകുന്ന ലൈംഗികാതിക്രമ തെളിവുശേഖരണ കിറ്റ് ഉപയോഗിച്ചുമാത്രമേ നടത്താവൂ.
ഫൊറൻസിക് തെളിവുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫൊറൻസിക് സയൻസ് സർവീസ് ഡയറക്ടറേറ്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാകണം.






