
പത്തനംതിട്ട: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെ (36) ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഈ മാസം ഒടുവിലോ അടുത്തമാസം ആദ്യമോ ഫൈസലിനെ കൈയില്‍ കിട്ടുമെന്ന വിശ്വാസത്തില്‍ എന്‍.ഐ.എ.
വ്യാജരേഖാ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം, കള്ളക്കടത്ത് കേസിലുള്ള പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഫൈസലിനെതിരേ ചുമത്തിയിരിക്കുന്നത്. സ്വര്‍ണം എവിടെനിന്നെത്തി? ആരു കൈമാറി? പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ? തീവ്രവാദ ബന്ധം? സ്വപ്നയുമായുള്ള പരിചയം, കേരളത്തിലേക്കു സ്വര്‍ണം എത്തിക്കുന്നത് ആര്‍ക്കെല്ലാം തുടങ്ങിയവയെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഫൈസലിനെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട്. യു.എ.ഇയിലും കേരളത്തിലുമുള്ള തീവ്രവാദ സാന്നിധ്യത്തെപ്പറ്റിയും ഫൈസലില്നിന്നു വിവരങ്ങളറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സ്വര്‍ണക്കടത്തിലുള്ള പങ്ക് ആദ്യം നിഷേധിച്ച ഫൈസല്‍, മുഖ്യ പങ്കാളിയെന്ന് എന്‍.ഐ.എ. തറപ്പിച്ചുപറഞ്ഞതോടെ ഒളിവില്‍പോകുകയും തുടര്‍ന്ന് ദുബായ് പോലീസിന്റെ പിടിയിലാകുകയുമായിരുന്നു. ഫൈസലിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചതായി ഇന്ത്യന്‍ എംബസി യു.എ.ഇ. അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിസയും യു.എ.ഇ. വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.






