
കൊച്ചി: പനമ്പിള്ളി നഗറിലെ ക്വാർട്ടേഴ്സിൽ നിന്നു 30 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ താമസക്കാരന്റെ സഹോദരൻ അറസ്റ്റിൽ. മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ വീട്ടിൽ ജോവി ജോർജാണ് (37) അറസ്റ്റിലായത്.
ക്വാർട്ടേഴ്സിലെ താമസക്കാരന്റെ ഭാര്യയാണു പരാതി നൽകിയത്. ഇവരുടെ സഹോദരിയുടെ സ്വർണമാണു മോഷണം പോയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയിൽ പോയ സമയത്താണ് ഇയാളെ അതിക്രമിച്ചു കയറി മോഷണം നടത്തിയത്.
അയൽവാസിയുടെ മൊഴി നിർണായകമായി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടർന്ന് ഇയാൾ യാത്ര ചെയ്ത സ്കൂട്ടറിന്റെ നിറം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിയത്. ജോവി ജോർജ് മുമ്പ് ഇതേ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നു.
ജോവിക്ക് ഉപയോഗിക്കാൻ നൽകിയ സ്കൂട്ടറിന്റെ താക്കോലിനൊപ്പം ക്വാർട്ടേഴ്സിന്റെ താക്കോലുമുണ്ടായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണു വീടു തുറന്നു മോഷണം നടത്തിയത്.






