
ന്യൂഡല്‍ഹി: വിവാദമായ കേരള പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം ദേശീയ നേതൃത്വം. വിവാദ നിയമം പുനഃപരിശോധിക്കുകയാണെന്ന്് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എതിര്‍പ്പുകളും ആശങ്കകളും പാര്‍ട്ടി മുഖവിലയ്ക്കെടുക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് മുന്‍പ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടിയില്‍ തുടര്‍ നടപടി കാത്തിരുന്ന് കാണാമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
118(എ)യില്‍ നിന്ന് മാധ്യമങ്ങളെ മാത്രം ഒഴിവാക്കുമെന്ന് രാവിലെ മുതല്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ നിയമം പൂര്‍ണ്ണമായി തന്നെ പുനഃപരിശോധിക്കുകയാണെന്നും അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നുമാണ് സീതാറാം യെച്ചൂരി വ്യക്തമാക്കുന്നത്.
കേരള പോലീസ് ആക്ട് ഭേദഗതി ചെയ്ത് 118 (എ) നിയമം കൊണ്ടുവന്നതില്‍ ദേശീയ തലത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. സൈബര്‍ ഇടങ്ങളിലെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഐ.ടി ആക്ടിലെ 66(എ)യ്ക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച സി.പി.എമ്മിന് തിരിഞ്ഞുകൊള്ളുന്നതായിരുന്നു 118(എ). സുപ്രീം കോടതി കടുത്ത വിമര്‍ശനത്തോടെ റദ്ദാക്കിയ 66(എ)യേക്കാള്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി എല്ലാ വിനിമയ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങ് ഇടുന്ന, പോലീസിന് അമിതാധികാരം നല്കുന്ന നിയമമാണ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത്.
ഇന്നലെ രാത്രി തന്നെ വിവാദ നിയമത്തില്‍ സി.പി.എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിനും ഇതുസംബന്ധിച്ച നിര്‍ദേശം എത്തിയതോടെ എ.കെ.ജി സെന്ററില്‍ രാവിലെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രാവിലെ എ.കെ.ജി സെന്ററില്‍ എത്തിയ മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാന ജില്ലയിലുണ്ടായിരുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളും പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.






