
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്കെത്തുന്നു. ആദ്യ ഘട്ട സര്‍വ്വീസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കുമെന്നും രണ്ടുമാസത്തിനുള്ളില്‍ ബാക്കി സര്‍വ്വീസുകള്‍കൂടി പുനരാരംഭിക്കാനാണ് നീക്കമെന്നും റെയില്‍വെ അറിയിച്ചു.
ഡിസംബര്‍ മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പുനസ്ഥിപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാനാണ് റെയില്‍വെയുടെ തീരുമാനം.
ട്രെയിന്‍ ബുക്കിംഗ് സംവിധാനത്തിലെ സമയക്രമത്തില്‍ റെയില്‍വെ കഴിഞ്ഞ മാസം തന്നെ മാറ്റം വരുത്തിയിരുന്നു. ട്രയിന്‍ പുറപ്പെടുന്നതിനു അരമണിക്കൂര്‍ മുന്‍പുവരെ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റ് ബുക്കിംഗ് ക്രമീകരിച്ചിരുന്നത്. ഓണ്‍ലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും ഒരേപോലെ ലഭ്യമാക്കിയിരുന്ന ഈ സേവനം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ടിക്കറ്റെടുക്കുമ്പോഴുണ്ടാകുന്ന തിരക്കൊഴിവാക്കാനും ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലാണ് റെയില്‍വെയുടെ ഈ തീരുമാനം.






