
പോലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി വാക്കാല്‍ പറഞ്ഞതുകൊണ്ടു കാര്യമില്ലെന്നു നിയമവിദഗ്ധര്‍. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത നിയമം റദ്ദാക്കുന്നതിനു കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കുമെന്നാണു മുഖ്യമന്ത്രി അറിയിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിനു തീയതി നിശ്ചയിച്ചിട്ടില്ല. സഭ ചേരുന്ന ദിവസം മുതല്‍ ആറാഴ്ചയ്ക്കകം ബില്‍ അവതരിപ്പിച്ചു പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കാലഹരണപ്പെടും. അതിനു സമയമെടുക്കും. ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തിലായ നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓര്‍ഡിനന്‍സിനു ഗവര്‍ണറുടെ അംഗീകാരം നേടുകയാണ് അടുത്ത മാര്‍ഗം. വിവാദ വകുപ്പ് മയപ്പെടുത്തണമെങ്കിലും ഈ വഴികളേയുള്ളൂ.
അതിനിടെ ആരെങ്കിലും 118-എ വകുപ്പു പ്രകാരം പോലീസിനു പരാതി നല്കിയാല് കാര്യം സങ്കീര്‍ണമാകും. പൊതു നടപടിക്രമം തയാറാക്കുമെന്നു ഡി.ജി.പി. അറിയിച്ചതു ചൂണ്ടിക്കാട്ടാമെങ്കിലും നിലവില്‍വന്ന നിയമപ്രകാരം പോലീസിനു കേസെടുക്കാതിരിക്കാന്‍ കഴിയില്ല. കേസെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പോലീസ് വെട്ടിലാകും.






