
തിരുവനന്തപുരം: കെ.എസ്.എഫ.ഇ. റെയ്ഡിനെത്തുടര്‍ന്നു ധനമന്ത്രിയും പാര്‍ട്ടിയും കടുത്ത നിലപാട് എടുത്തെങ്കിലും മുന്നോട്ടു വച്ച കാല് പിന്നോട്ടെടുക്കേണ്ട എന്ന നിലപാടില്‍ വിജിലന്‍സ്. എല്ലാ മാസവും ഏതെങ്കിലും വകുപ്പുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്താറുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെയാണ് റെയ്ഡും മറ്റ് അനുബന്ധ നടപടികളും സ്വീകരിക്കുക.
കഴിഞ്ഞ മാസം ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളിലും സെപ്ലെകോയിലും പരിശോധന നടത്തിയിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്താന്‍ തീരുമാനമായത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. വിജിലന്‍സിന്റെ പതിവ് പരിശോധനയുടെ ഭാഗമായതിനാല്‍ കൂടുതല്‍ വിവാദം ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയുണ്ടാകില്ല.
തുടര്‍ നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ കെ.എസ്.എഫ്.ഇ. ശാഖകളില്‍ ആഭ്യന്തര പരിശോധന നടത്താന്‍ ധനവകുപ്പും തീരുമാനിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഇപ്പോള്‍ അവധിയിലാണ്. അടുത്തയാഴ്ച അദ്ദേഹം മടങ്ങിയെത്തും.
കെ.എസ്എഫ്.ഇ. ശാഖകളിലെ വിജിലന്‍സ് റെയ്ഡിനെച്ചൊല്ലി സി.പി.എമ്മില്‍ പോരിന്റെ പുതിയ അധ്യായം. ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര-വിജിലന്‍സ് വകുപ്പിനെതിരേ പരസ്യമായി രംഗത്ത് എത്തി. പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം മുറുകിയതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിയിച്ചു.
റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ ഉച്ചയോടെ ക്ലിഫ്ഹൗസിലെത്തി കണ്ടു. എന്നാല്‍ വിജിലന്‍സിന്റെ പതിവു പരിശോധനകളുടെ ഭാഗമാണ് റെയ്ഡെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ധനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നുമാണ് സൂചന. മുഖ്യമന്ത്രി ഇതുവരെ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്നത്തെ പത്രസമ്മേളനത്തില്‍ മറുപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
കുറച്ചുനാളായി സി.പി.എമ്മിനുള്ളില്‍ പുകയുന്ന അതൃപ്തിയാണു കെ.എസ്.എഫ്.ഇയിലെ റെയ്ഡ് വിവാദത്തിലൂടെ മറനീക്കി പുറത്തുവന്നത്. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് തന്നെ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര- വിജിലന്‍സ് വകുപ്പ് പ്രതിക്കൂട്ടിലായി. വിജിലന്‍സിനെ പരസ്യമായി കടന്നാക്രമിച്ച് സി.പി.എം. നേതാക്കള്‍ രംഗത്തെത്തുന്നതും ഇതാദ്യമായാണ്.
അഭിപ്രായ/മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുവയ്ക്കുന്നത് എന്നാരോപണമുയര്ന്ന പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നതിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെതിരേ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും പരസ്യവിമര്‍ശവുമായി രംഗത്തെത്തിയതോടെയാണു വിവാദഭേദഗതി പിന്‍വലിക്കാന്‍ പിണറായി തയാറായത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ ധനകാര്യസ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ എന്നപേരില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന് ബച്ചത്ത്' എന്നു പേരിട്ട മിന്നല്പരിശോധനയാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന വിവരം പുറത്തു വന്ന പിന്നാലെ സംസ്ഥാന വിജിലന്‍സിനെതിരേ ആഞ്ഞടിച്ചു രംഗത്തെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ''ആരുടെ വട്ടാണ് റെയ്ഡിന് പിന്നിലെന്ന് അറിയില്ല'' എന്നാണ് പറഞ്ഞത്.
ഇന്നലെയും ആരോപണങ്ങള്‍ ഐസക്ക് ആവര്‍ത്തിച്ചു. സി.പി.എം. നേതാക്കള്‍ ഇടഞ്ഞതോടെ പരിശോധനയിലെ വിജിലന്‍സിന്റെ പ്രധാന കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണു വിവരം. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ക്രമക്കേടുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് െവെകാതെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കാരിനു സമര്‍പ്പിക്കും.






