
ബ്യൂനസ് ഐറിസ്: ഫുഡ്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിനു പിന്നാലെ മരണകാരണം ചികിത്സാ പിഴവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മരണത്തിനു പിന്നില്‍ താനാണെന്നു വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഡോ. ലിയോപോള്‍ഡോ ലുക്യു പറയുന്നു. കഴിഞ്ഞ ദിവസം ഡോക്ടറുടെ ഓഫീസിലും വസതിയിലും നടന്ന റെയ്ഡിനുശേഷം മാധ്യങ്ങളെ അഭിമുഖീകരിച്ച് ഡോക്ടര്‍ പ്രതികരിച്ചതിങ്ങനെയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് മറോഡോണ (60) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. 'എന്റെ സുഹൃത്തുകൂടിയായ ഡിയേഗോയുടെ ജീവന് രക്ഷിക്കാന്‍ എന്നെക്കൊണ്ടു പറ്റുന്നതെല്ലാം ഞാന്‍ ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഞാന്‍ ഇനിയും മോചിതനായിട്ടില്ല. എന്റെ വീടിനു മുന്നില്‍ പോലീസിനെ കണ്ടപ്പോള്‍ തകര്‍ന്നു പോയി. എല്ലാവര്ക്കും വേണ്ടത് ഒരു ബലിയാടിനെയാണ്.'-ലുക്യൂ പറഞ്ഞു.
ഒക്ടോബര്‍ 30ന് അദ്ദേഹത്തിന്റെ 60-ാം ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം അദ്ദേഹം വളരെയധികം ക്ഷീണിതനായിരുന്നു. തുടര്‍ന്നുണ്ടായ വിശദ പരിശോധനയിലാണ് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തുന്നത്. ശസ്ത്രക്രിയക്കുശേഷം ലഹരി മുക്ത ചികിത്സയിലായിരുന്നു മറഡോണ. ലഹരി ഉപയോഗത്തില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഡിയേഗോയുടെ ഏറ്റവും വലിയ ശത്രു അദ്ദേഹം തന്നെയാണ്. മറഡോണ ചികിത്സയോടു സഹകരിച്ചില്ല. അദ്ദേഹത്തെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്തു.
ബ്യൂറസ് ഐറിസില്‍ മകളുടെ വീടിനു സമീപത്തായിരുന്നു അദ്ദേഹവും. 24 മണിക്കൂറും മെഡിക്കല്‍ സൗകര്യങ്ങളോടെയുള്ള താമസ സൗകര്യം അവിടെ മറഡോണക്കുവേണ്ടി തയ്യാറാക്കിയിരുന്നു. ഹൃദയാഘാതം ഉണ്ടായ ശേഷം ആംബുലന്‍സ് എത്താന്‍ വൈകിയെന്നും ചികിത്സാ പിഴവുണ്ടായെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ് പോലീസില്‍ പരാതിനല്‍കിയത്. മറഡോണയുടെ ബന്ധുക്കളും ഡോക്ടര്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ വസതിയിലും ആശുപത്രിയിലും നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ രേഖകള്‍ ഉള്‍പ്പടെ പോലീസ് കസ്റ്റഡിയിലെടുത്തു. മറഡോണക്കു നല്കിയ മരുന്നുകളെക്കുറിച്ചും വിദഗ്ധ സംഘം പരിശോധിക്കുകയാണ്.






