
കൊച്ചി: സ്വപ്നാ സുരേഷിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും പ്രതി ചേര്‍ത്തു. ഡോളര്‍ കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരു്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ 23 ാം പ്രതിയായ ശിവശങ്കറിനെതിരേ കസ്റ്റംസ് ചുമത്തുന്ന രണ്ടാമത്തെ കേസാണ് ഇത്. എന്നാല്‍ സ്വപ്നയുടെ മൊഴി നിഷേധിച്ച ശിവശങ്കര്‍ ഡോളര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശിവശങ്കറിനോടൊപ്പം നാലു തവണ യാത്ര ചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.
സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ ഈമാസം ഏഴു വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിട്ടുണ്ട്. കുറ്റകൃത്യങ്ങളിലുള്പ്പെട്ടെ മുഴുവന്‍പേരെയും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ടെന്ന നിരീക്ഷിച്ചുകൊണ്ടാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഉത്തരവ്. കുറ്റകൃത്യത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു കോടതി സൂചിപ്പിച്ചു. ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അനേ്വഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അനേ്വഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യഘട്ടത്തില്‍ സ്വപ്ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു.
കോടതിയില്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് നല്കിയ സ്വപ്നയുടെ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് നടത്തുന്ന അനേ്വഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്കാന് ചീഫ് കസ്റ്റംസ് കമീഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി. മൊഴി ചോര്‍ത്തി നല്‍കിയതില്‍ നടപടി ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അനേ്വഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതിയുടെ നീരീക്ഷണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അന്വഷണ ഉദ്യോഗസ്ഥന് മൂന്ന് മാസം കൂടുമ്പോള്‍ അനേ്വഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.






