
കാന്‍ബറ: ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. നാല് ബാറ്റ്സ്ന്മാര്‍ മാത്രം രണ്ടക്കം കണ്ട മത്സരത്തില്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ 44 റണ്‍സുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കെ.എല്‍ രാഹുല്‍ 40 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത് പുറത്തായി. ഹെന്റിക്വസ് ആണ് രാഹുലിനെ മടക്കിയത്. 23 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ പുറത്താകാതെ 44 റണ്‍സെടുത്ത ജഡേജയാണ് ഒടുവില്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. മലയാളി താരം സഞ്ജു സാംസണ് (15 പന്തില്‍ 23 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ(16 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്നത്.
സ്കോര്‍ 11 ല്‍ എത്തിയപ്പോള്‍ ശിഖര്‍ ധവാനെ(1) മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ ഞെട്ടിച്ചത്. പിന്നാലെ സ്കോര്‍ 50 കടക്കും മുമ്പെ തന്നെ നായകന് കോഹ്ലിയും(9) സ്വപ്സണിന്റെ പന്തില്‍ കൂടാരം കയറി. മനീഷ് പാണ്ഡെ(2), വാഷിംഗ്ടണ്‍ സുന്ദര്‍(7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്നമാര്. ഓസീസിനായി ഹെന്റിക്വസ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും, ആദം സാംപ, സ്വപ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.






