
ബെയ്ജിങ്: ചൈനയില്‍ മുസ്ലിംകളെക്കൊണ്ടു നിര്‍ബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്നു വെളിപ്പെടുത്തല്‍. ഉയ്ഗുര് മുസ്ലിംകള്ക്കായി സര്‍ക്കാര്‍ നടത്തുന്ന ''പുനര്‍വിദ്യാഭ്യാസ'' ക്യാമ്പുകളിലാണു മതനിന്ദയും പീഡനവും അരങ്ങേറുന്നത്. ഇസ്ലാം മതവിശ്വാസപ്രകാരം പന്നിയിറച്ചി നിഷിദ്ധമാണ്. മുസ്ലിംകള് വിശുദ്ധദിനമായി കരുതുന്ന വെള്ളിയാഴ്ചകളിലാണു സര്‍ക്കാര്‍ നിര്‍ബന്ധിതമായി പന്നിയിറച്ചി വിളമ്പാറുള്ളതെന്ന് ഉയ്ഗുര് വംശജയായ ഡോ. സൈറാഗുല്‍ സൗട്ബേ ‘‘അല്‍ജസീറ’’ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പന്നിയിറച്ചി കഴിക്കാന്‍ വിസമ്മതിച്ചാല്‍ ക്രൂരമായി ശിക്ഷിക്കും. ''കോണ്സെന്ട്രേഷന് ക്യാമ്പില്‍ (പീഡനകേന്ദ്രം) കഴിയുമ്പോള്‍ നിങ്ങള്‍ക്കു ഭക്ഷണം കഴിക്കണോ വേണ്ടയോ എന്നുപോലും തീരുമാനിക്കാനാവില്ല. ജീവന് നിലനിര്‍ത്തണമെങ്കില്‍ കിട്ടുന്നതു കഴിച്ചേപറ്റൂ''- പന്നിയിറച്ചി കഴിക്കാനിടയായതിനെപ്പറ്റി സൈറാഗുല്‍ പറഞ്ഞു. ഡോക്ടറും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ സൈറാഗുല്‍ സ്വീഡനിലാണു കഴിയുന്നത്. ഉയ്ഗുര് മുസ്ലിംകള്‍ക്കുനേരേ ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരപീഡനങ്ങള്‍ വിവരിക്കുന്ന ഒരു പുസ്തകം അവര്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിലെ ഉയ്ഗുര് സ്വയംഭരണമേഖലയായ ഉറുംഖിയില്‍ ചൈനീസ് സര്‍ക്കാരിന്റെ പിടിയിലായ ബിസിനസുകാരി സുമ്രീത് ദാവുത്താണു ഭരണകൂടപീഡനങ്ങളുടെ മറ്റൊരു ഇര. 2018-ല്‍ കസ്റ്റഡിയിലെടുത്ത സുമ്രീതിനെ പാകിസ്താന് ബന്ധത്തിന്റെ പേരില്‍ രണ്ടുമാസമാണു തുടര്‍ച്ചയായി ചോദ്യംചെയ്തത്.
സുമ്രീതിന്റെ ഭര്‍ത്താവ് പാകിസ്താന്‍കാരനാണ്. മക്കള്‍ക്കു മതവിദ്യാഭ്യാസം നല്‍കിയിട്ടുണ്ടോ അവര്‍ ഖുറാന് വായിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നതെന്നു സുമ്രീത് ''അല്‍ജസീറ''യോടു പറഞ്ഞു. ശൗചാലയത്തില്‍ പോകുന്നതിനുവരെ പുരുഷന്മാരായ ക്യാമ്പ് ഓഫീസര്‍മാരോടു കേണപേക്ഷിക്കേണ്ടിവന്നു. പ്രാഥമികാവശ്യങ്ങള്‍ക്കു പോകുമ്പോള്‍പോലും കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നില്ല. ശൗചാലയത്തിനുള്ളിലും പുരുഷ ഓഫീസര്‍മാരുടെ അകമ്പടിയുണ്ടായിരുന്നു. ഉയ്ഗുര് മുസ്ലിംകള് ഏറെയുള്ള ഷിന്‍ജിയാങ് മേഖലയില്‍ കാര്‍ഷികവികസനത്തിന്റെ പേരില്‍ പന്നി വളര്‍ത്തല്‍ ഫാമുകള്‍ പ്രോത്സാഹിപ്പിക്കുന്നതും ചൈനീസ് സര്‍ക്കാരിന്റെ പീഡന നയങ്ങളുടെ ഭാഗമാണെന്ന് ജര്‍മന്‍ നരവംശശാസ്ത്രജ്ഞന് അഡ്രിയാന്‍ സെന്‍സ് ചൂണ്ടിക്കാട്ടി.






