
കല്‍ക്കട്ട: പൗരത്വ ഭേദഗതി നിയമം ജനുവരി മുതല്‍ നടപ്പില്‍ നടപ്പില്‍ വരുത്തുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ. പശ്ചിമ ബംഗാളിലെ അഭയാര്‍ത്ഥി ജനവിഭാഗത്തിന് പൗരത്വം നല്കാന് കേന്ദ്രവും ബി.ജെ.പി.യും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ നിയമം എത്രയും വേഗം നടപ്പാക്കുമെന്നും കൈലാഷ് ബംഗാളില്‍ നടന്ന പൊതു പരിപാടിയില്‍ പ്രഖ്യാപിച്ചു.
പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ രൂക്ഷമായി ഉന്നയിക്കപ്പെട്ട സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതോടെ പ്രചരണം ശക്തമാക്കുന്നതിനുള്ള നടപടികളിലേക്കു കടക്കുകയാണ് ബി.ജെ.പി.
'അഭയാര്‍ത്ഥികളോട് തൃണമൂല്‍ സര്‍ക്കാര്‍ അനുഭാവം പുലര്‍ത്തുന്നില്ല. നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍ എന്നിവിടങ്ങളില്‍ മതപരമായ കാര്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാവര്ക്കും മോദി സര്‍ക്കാര്‍ പൗരത്വം നല്‍കും. സി.എ.എ.ക്കു കീഴിലുള്ള അഭയാര്‍ത്ഥികള്‍ക്കു പൗരത്വം നല്കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടന്ന പരിപാടിക്കിടെ കൈലാഷ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ പരിപാടിയുമായി ബി.ജെ.പി. മുന്നോട്ടുവരികയാണ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെ പ്രചാരണ വിഷയമാക്കുന്നത്.






