
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. സര്‍ക്കാരിനും യൂറോപ്പില്‍ കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും സംശയനിഴലിലുള്ള ഇന്ത്യന്‍ ബിസിനിസ് സ്ഥാപനമായ ശ്രീവാസ്തവാ ഗ്രൂപ്പും ചേര്‍ന്ന് വമ്പന്‍ വ്യാജപ്രചരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ ക്രോണിക്കിള്‍സ്’ എന്നു പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട് ബ്രസല്‍സ് ആസ്ഥാനമായ ഇ.യു. ഡിസ്ഇന്ഫോലാബ്സ് എന്ന എന്‍.ജി.ഒ. ആണ് പുറത്തുവിട്ടത്.
യൂറോപ്പ് കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യാജവാര്‍ത്താ പ്രചാരണമാണിതെന്നും 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനു തുല്യമാണിതെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദൃശ്യ മാധ്യമ വാര്‍ത്താ ഏജന്‍സിയാണ് നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍(എ.എന്‍.ഐ.). കശ്മീരിന്റെ പ്രത്യേകപദവി പിന്‍വലിച്ചതിനെത്തുടര്‍ന്ന് കശ്മീരിലേക്ക് യൂറോപ്യന്‍ പാര്‍ലമെന്റിലെ തീവ്രവലതുപക്ഷ അംഗങ്ങളെ എത്തിച്ച വന്‍കിട ബിസിനിസ് സ്ഥാപനമാണ് ശ്രീവാസ്തവ ഗ്രൂപ്പ്. ഒരുവര്‍ഷത്തെ അന്വേഷണത്തെത്തുടര്‍ന്നാണ് ഇ.യു. ഡിസ്ഇന്ഫോലാബ്സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ശ്രീവാസ്തവ ഗ്രൂപ്പ് തുടങ്ങുകയും എ.എന്‍.ഐ. വിപുലീകരിക്കുകയും ചെയ്ത ഈ പ്രചാരണം 2005ല്‍ തുടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏഷ്യയില്‍ ഇന്ത്യയോട് എതിര്‍ക്കുന്ന രാജ്യങ്ങളെ പ്രത്യേകിച്ച് ചൈന, പാകിസ്താന് എന്നീ രാജ്യങ്ങളെ ഇകഴ്ത്തിക്കാട്ടുകയും ഇന്ത്യയില്‍ ഈ രാജ്യങ്ങള്‍ക്കെതിരേയുള്ള വികാരം വലുതാക്കിയെടുക്കുകയുമാണ് ഈ വ്യാജവിവരദൗത്യത്തിന്റെ മുഖ്യലക്ഷ്യം. യൂറോപ്യന്‍ യൂണിയന്, യു.എന്‍. തുടങ്ങിയ രാജ്യാന്തരസംഘടനകളില്‍ കൂടുതല്‍ പിന്തുണ നേടിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ഇന്ത്യയുമായി ശത്രുതയിലുള്ള രാജ്യങ്ങള്‍ പ്രത്യേകിച്ച് പാകിസ്താനെതിരായ ഓണ്‍ലൈന്‍ പ്രചാരണം വര്‍ധിപ്പിക്കുന്നതു കൂടാതെ ജെനീവയിലും ബ്രസല്‍സിലും മറ്റുലോകരാജ്യങ്ങളിലും വ്യാജമാധ്യമങ്ങള് സൃഷ്ടിക്കുകയും എ.എന്‍.ഐയും വ്യക്തതയില്ലാത്ത പ്രാദേശിക മാധ്യമശൃംഖലകള്‍ വഴിയും വാര്‍ത്തകള്‍ വിതരണം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പത്ത് യു.എന്‍. അക്രെഡിറ്റഡ് എന്‍.ജി.ഒകള്‍ ശ്രീവാസ്തവ ഗ്രൂപ്പ് നേരിട്ടു നിയന്ത്രിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കശ്മീര്‍ സന്ദര്‍ശനത്തിനു സമാനമായ ഇടപെടലുകള്‍ക്കുശേഷം സംഘാംഗത്തിന്റെ പ്രസ്താവന, ലേഖനം തുടങ്ങിയവ ശ്രീവാസ്തവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അഭിപ്രായമെന്ന രീതിയിലാകും ഇവ പുറത്തുവരിക. വൈകാതെ ഇത് ഏറ്റെടുക്കുന്ന എ.എന്‍.ഐയിലൂടെ ഇന്ത്യയിലെ മാധ്യമങ്ങളിലും ഇവ പ്രസിദ്ധീകരിക്കും. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് ഉദാഹരണമായി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പു നടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച ലേഖനമാണ് ഇന്ത്യന്‍ ക്രോണിക്കിള്സില് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.






