
‘‘പോണ്ഹബ്ബില് പ്രത്യക്ഷപ്പെട്ട കൗമാരകാലത്തെ തന്റെ ആ പഴയ ചിത്രം ഇപ്പോഴും പലരും സ്വയം സംതൃപ്തിക്കായി ഉപയോഗിക്കുന്നുണ്ട്.'' എട്ടു മക്കളുടെ മാതാവായ 40 കാരി വിലപിക്കുന്നു. ''ഗേള്‍സ് അണ്ടര്‍ 18’’ എന്നോ ''14 യോ'' എന്നോ ലോകത്തെ ഏറ്റവും വലിയ പോര്‍ണോഗ്രാഫി വെബ്സൈറ്റിന്റെ തെരച്ചിലില്‍ കൊടുത്താല്‍ കിട്ടുക ഒരു ലക്ഷത്തില്‍ പരം വീഡിയോകള്‍.
ഇവയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാകുന്ന അനേകം വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റോഫിന്റെ വാക്കുകളാണ് ഇത്. കൗമാര പ്രായത്തില്‍ ഒരു തമാശയ്ക്ക് വേണ്ടി എടുത്ത വീഡിയോ വെബ്സൈറ്റില്‍ എത്തിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വേട്ടയാടുന്ന ഒരു ഇരയുടെ അനുഭവം അദ്ദേഹം കുറിച്ചു. പോര്ണോഹബ്ബില് നഗ്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ബേക്കേഴ്സ് ഫീല്‍ഡിലെ വിദ്യാര്‍ത്ഥിനിയും 14 കാരിയുമായ സെറീന കെ ഫ്ളൈറ്റസിന്റെ ജീവിതം മാറ്റിമറിച്ചത് ‘ദി ചില്‍ഡ്രണ്‍ ഓഫ് പോര്ണോഹബ്ബ്’ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒരു നഗ്നവീഡിയോ എടുത്തു തരാനുള്ള കൂട്ടുകാരന്റെ ആവശ്യത്തോട് പ്രതികരിച്ച ഫ്ളൈറ്റ്സ് അന്ന് ചെയ്തത് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചുകളഞ്ഞു. അഞ്ചു വര്‍ഷം പിന്നിട്ടിട്ടും അതിന്റെ ഷോക്കില്‍ നിന്നും മോചിതയാകാന്‍ കഴിയാതെ സ്വയം മുറിവേല്‍പ്പിച്ചു ജീവിക്കുകയാണ്. എട്ടാം തരത്തില്‍ പഠിക്കുന്ന കാലത്താണ് തന്നേക്കാള്‍ ഒരു വയസ്സിന് മൂപ്പുള്ള കൂട്ടത്തില്‍ പഠിക്കുന്ന കൗമാരക്കാരനുമായി അവള് പ്രണയത്തിലായത്. ഒരിക്കല്‍ തന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ അയച്ചു തരാന്‍ അവന് ആവശ്യപ്പെടു. അവള് പൂര്‍ണ്ണ നഗ്നയായുള്ള വീഡിയോ അയച്ചും കൊടുത്തു. അവന് പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരുന്നു. ചെറിയ ആശങ്ക ഉണ്ടായെങ്കിലും അവള് പറഞ്ഞതെല്ലാം ചെയ്തും നല്കി.
കൂട്ടത്തില്‍ പഠിക്കുന്നവര്‍ക്കൊപ്പം സ്കൂളിലെ കുട്ടികളും അന്യഗ്രഹ ജീവിയോട് എന്ന രീതിയില്‍ തന്നോട് പെരുമാറുന്നതായി തോന്നിയതോടെയാണ് അവള് അപകടം മണത്തത്. ഇതിനകം അവളുടെ നഗ്നവീഡിയോ കൂട്ടുകാരന് ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്കായി അയച്ചു കൊടുക്കുകയും അവ പോണ്ഹബ്ബില് എത്തുകയും ചെയ്തിരുന്നു.
സഹപാഠിയായ 14 കാരനുമായി വെറും വിനോദത്തിനായി ചെയ്ത കാര്യം ഫ്ളൈറ്റ്സിന്റെ ജീവിതം മാറ്റി മറിച്ചു. നിങ്ങളുടെ സാമീപ്യം ഇല്ലാത്തപ്പോള്‍ പോലും സ്വന്തം നഗ്നത സഹപാഠികള്‍ ആസ്വദിക്കുന്നതും കാണുമ്പോള്‍ വൃത്തികെട്ട കമന്റുകള്‍ പറയുന്നതും അത്ര സുഖകരമല്ല. താന്‍ വീഡിയോ അയച്ചു കൊടുക്കാത്തവര്‍ പോലും ഞങ്ങള്‍ക്ക വീഡിയോ അയച്ചു തന്നില്ലല്ലോ എന്ന് പറഞ്ഞ് സന്ദേശം അയയ്ക്കുന്നു. അവര്‍ ഫ്ളൈറ്റിന്റെ അമ്മയ്ക്ക് പോലും വീഡിയോകള്‍ അയച്ചു കൊടുത്തു. ആണ്‍കുട്ടി പിന്നീട് സസ്പെന്റ് ചെയ്യപ്പെട്ടെങ്കിലും ഫ്ളൈറ്റിന് ക്ലാസ്സ് തുടരാന്‍ കഴിയുമായിരുന്നില്ല. അവള് നാണക്കേട് സഹിക്കാന്‍ കഴിയാതെ സ്കൂളില്‍ പോക്ക് നിര്‍ത്തി.
പിന്നീട് അമ്മ ഇടപെട്ട് പോണ്‍ഹബ്ബിനെ കൊണ്ടു വീഡിയോ എടുത്തു കളയിച്ചെങ്കിലും വീഡിയോ വീണ്ടും പോണ്ഹബ്ബിലേക്കും മറ്റ് ലൈംഗിക സൈറ്റുകളിലേക്കും എത്തിക്കൊണ്ടിരുന്നു. ഫ്ളൈറ്റ് പഠനം നിര്‍ത്തിയിട്ടും അവള് മറ്റൊരു സ്കൂളില്‍ ചേര്‍ന്നെന്നും പുതിയ സ്കൂള്‍ ഏതാണെന്നും തെരച്ചില്‍ തുടര്‍ന്നു. ഫ്ളൈറ്റിന്റെ സ്വഭാവത്തിലും മാറ്റം വന്നു. അവള് ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെട്ടു, അമ്മയോട് വഴക്കുപിടിച്ചു. വിഷാദത്തെ മറികടക്കാന്‍ ഗുളികകള്‍ വാരിവാരി കഴിച്ചു. എന്നാല്‍ മരിച്ചില്ല. മൂന്ന് ദിവസം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോള് ആശുപത്രിയിലായിരുന്നു. മരണത്തോട് പോലും അമര്‍ഷം തോന്നി. പിന്നീട് ബാത്ത് റൂമില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ സഹോദരി കണ്ടെത്തി. ഇത്തവണയും മരുന്നുകള്‍ അവള്‍ക്ക് പുതുജീവന്‍ നല്കി.
ഫ്ളൈറ്റ്സ് ചുഴിയില്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. ഒരു സുഹൃത്ത് അവളെ മയക്കുമരുന്ന് പരിചയപ്പെടുത്തി. അത് അവളെ കീഴ്പ്പെടുത്തി. സ്കൂള്‍ ജീവിതം അവസാനിപ്പിച്ച് അവള് വീടുവിട്ടിറങ്ങി. 16 ാം വയസ്സില്‍ ക്രെയ്ഗ് ലിസ്റ്റില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ചു. സ്വന്തം നഗ്നവീഡിയോകളും ഫോട്ടോകളും വില്ക്കാന് ആരംഭിച്ചു. സ്വയം ശിക്ഷിക്കാനും പണം കണ്ടെത്താനും കണ്ടെത്തിയ വഴിയായിരുന്നു അത്. എല്ലാവരും തന്റെ ശരീരം ഇതിനകം കണ്ടിരിക്കുന്നതിനാല്‍ തനിക്ക് മൂല്യമില്ലെന്ന് സ്വയം വിശ്വസിച്ചു.
ഈ വീഡിയോകളും പോണ്ഹബ്ബില് തന്നെ വന്നു. ഇവ മാറ്റാന്‍ ഫ്ളൈറ്റ്സ് പോണ്‍ഹബ്ബിനെ സമീപിച്ചെങ്കിലും അവര്‍ പതിവ് പരിപാടി തന്നെ നടത്തി. വീണ്ടും അതേ വീഡിയോകള്‍ വെബ്സൈറ്റില്‍ എത്തി. ആദ്യം സംഭവിച്ച പിഴവായ 14 ാമത്തെ നഗ്നവീഡിയോ ഇതിനകം നാലു ലക്ഷം വ്യൂവേഴ്സിലൂടെയാണ് കടന്നുപോയത്. ഒരു ഫാസ്റ്റ്ഫുഡ് കടയില്‍ ജോലിക്കായി അപേക്ഷ നല്‍കിയെങ്കിലും ആരെങ്കിലും തന്നെ തിരിച്ചറിയുമോ എന്ന് ഭയന്ന് അത് ഉപേക്ഷിച്ചു.
ഇപ്പോള്‍ ഫ്ളൈറ്റ്സിന് 19 വയസ്സുണ്ട്. മയക്കുമരുന്നില്‍ നിന്നും മോചിതയായെങ്കിലും ഇപ്പോഴും അവള് ദുരിതത്തില്‍ തന്നെയാണ്. വീടും കൂടും തൊഴിലുമില്ലാതെ ബേക്കേഴ്സ്ഫീല്ഡില് സ്വന്തം കാറില്‍ തന്നെ താമസിക്കുകയാണ്. മൂന്ന് പട്ടിക്കുട്ടികളാണ് കൂട്ട്. മനുഷ്യരേക്കാളും സ്നേഹിക്കാനും വിശ്വസിക്കാനും ഈ മൃഗങ്ങളാണ് നല്ലതെന്ന് അവള് കരുതുന്നു. ഇപ്പോള്‍ മൃഗഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന അവള്‍ക്ക് എങ്ങിനെ അവിടേയ്ക്ക് എത്താമെന്ന് നിശ്ചയമില്ല. കാറില്‍ നായ്ക്കുട്ടികളുമായി ജീവിക്കുന്ന ഒരുവള്‍ക്ക് സ്കൂളില്‍ പോകുക പാടാണെന്നും ഫ്ളൈറ്റ് പറയുന്നു. തന്റെ ആ വീഡിയോ ഓണ്‍ലൈനില്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന്് അവള് പറയുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയുടെ അവിവേകം ഒരു വലിയ സംഭവമായി മാറിയെന്നും ഫ്ളൈറ്റ് പറയുന്നു. ഒരു ചെറിയ പിഴ ജീവിതം മുഴുവന്‍ മാറ്റി മറിച്ചെന്നും ഫ്ളൈറ്റ് പറയുന്നു.






