
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. സ്വപ്ന റിമാന്‍ഡില്‍ കഴിഞ്ഞ മറ്റ് ജയിലുകളിലും പരിശോധന നടത്തും. അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഭീഷണി നേരിട്ടുവെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 25 വൈകിട്ട് വരെയാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ ഉണ്ടായിരുന്നത്. അതിനു മുന്‍പ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ജയിലുകളിലായിരുന്നു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. അവിടെ സ്വപ്നയെ പുറത്തുനിന്നുള്ള ആരെങ്കിലും വന്നു കണ്ടിരുന്നോയെന്ന് പരിശോധിക്കും.
അട്ടക്കുളങ്ങര ജയിലിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് പുറമേനിന്നുള്ള ആരും ജയിലില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമാണ്. മാത്രമല്ല, ഭീഷണിയുണ്ടെന്ന പരാതിയില്‍ സ്വപ്ന ജയില്‍ ഡി.ഐ.ജിയ്ക്ക് നല്‍കിയത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നാണ് ജയില്‍ വകുപ്പ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.






