
മലപ്പുറം: നിലമ്പൂരിലെ ആദിവാസി കോളനിയില്‍ കഴിഞ്ഞ രാത്രി സദര്ശനത്തിന് എത്തിയ പി.വി അന്‍വര്‍ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പണവും മദ്യവും നല്കി ആദിവാസികളെ സ്വാധനീക്കാന് എത്തിയെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഇന്നലെ അര്‍ദ്ധരാത്രി മുണ്ടേരി അപ്പന്‍കാപ്പ് ആദിവാസി ഊരിലേക്കുള്ള റോഡിലാണ് തടഞ്ഞത്. എന്നാല്‍ താന്‍ ആദിവാസി മേഖലയിലല്ല. പോയതെന്നും ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നുവെന്നും പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വധഭീഷണിയുണ്ടെന്ന് കാണിച്ച് അന്‍വര്‍ പോലീസില്‍ പരാതി നല്കി. തന്നേയും ഡ്രൈവറേയും തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്ന് അന്‍വര്‍ പറഞ്ഞു. പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെയാണ് പോത്തുകല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അന്‍വറിന് പിന്തുണയുമായി സി.പി.എം പ്രവര്‍ത്തകരുമെത്തി. ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ വീട്ടിലാണ് പോയത്. ആര്യാടന്റെ തട്ടകമാണെന്നും ഇവിടെ വന്നാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് അന്‍വര്‍ പറഞ്ഞു. ആര്യാടന്മാരുടെ ഗുണ്ടായിസം ഇവിടെ നടക്കില്ല. സ്വന്തം മണ്ഡലത്തില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേയെന്നും അന്‍വര്‍ ചോദിക്കുന്നു.






