
പാലാ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ കടുത്ത അവഗണന നേരിട്ടുവെന്ന് പരസ്യമായി പറഞ്ഞ് എന്‍.സി.പി നേതാവ് മാണി സി.കാപ്പന് എം.എല്‍.എ. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയയാളാണ് താന്‍. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ നാനൂറു സീറ്റില്‍ മത്സരിച്ച തങ്ങള്‍ക്ക് ഇത്തവണ 165 സീറ്റുകളാണ് ലഭിച്ചത്. ഇത് കടുത്ത അവഗണനയാണ്. ഇതില്‍ അതൃപ്തിയുണ്ട്. അടുത്ത മുന്നണി യോഗത്തില്‍ ഇത് പ്രകടിപ്പിക്കുമെന്നും മാണി സി. കാപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോസ് .കെ മാണിയുടെ വരവോടെ എന്‍.സി.പിക്ക് വലിയ വിട്ടുവീഴ്ച നടത്തേണ്ടിവന്നിരുന്നു. കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ എടുക്കാന്‍ തീരുമാനിച്ചതു മുതല്‍ മാണി സി.കാപ്പന് അതൃപ്തി പല തവണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും മാണി സി. കാപ്പന് നേരത്തെ പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസിന്റെ വരവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെയും പരോക്ഷ പ്രതികരണവുമായി മാണി സി.കാപ്പന് എത്തിയിരുന്നു. കേരള കോണ്‍ഗ്രസ് മാത്രമല്ല, എല്ലാ കക്ഷികളും നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു കാപ്പന്റെ പ്രതികരണം.






