
നെടുങ്കണ്ടം: കോവിഡ് രോഗം ഭേദമായ പിതാവിനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്. പത്തു ദിവസം മുന്‍പ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 വയസുകാരനെയാണ് രോഗമുക്തനായിട്ടും മകന് വീട്ടിലേക്കു കൊണ്ടുപോകാന്‍ വിസമ്മതിച്ചത്.
ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ 78 വയസുകാരന് നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകല്‍ വീട്ടിനുള്ളിലായിരുന്നു തങ്ങിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം ജനമൈത്രി പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് 78 ഇദ്ദേഹത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കു മാറ്റി. രോഗം ഭേദമായതോടെ പോലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയാറായില്ല. ഇദ്ദേഹത്തെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം തുടങ്ങി.
കോവിഡ് രോഗബാധിതയായ 65 വയസുകാരിയായ മാതാവിനെ മകന് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച സംഭവവും അതിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാതാവിനു കോവിഡ് പോസിറ്റീവായെന്നറിഞ്ഞതോടെ മകന് അമ്മയെ വാഹനത്തില്‍ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിച്ചു. ഉപേക്ഷിച്ച കടന്ന മകനെ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.






