
ന്യൂഡല്‍ഹി : അടുത്തിടെയായി തങ്ങളുടെ കണക്ഷന് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതില്‍ എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന് പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോ പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്.
അസാന്മാര്ഗ്ഗിക മാര്‍ഗങ്ങളാണ് ഇവര്‍ ജിയോയ്ക്കെതിരെ പ്രയോഗിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നതെന്നും പരാതിയില്‍ പറയുന്നു.
നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള വലിയ രീതിയിലുള്ള ക്യാപെയ്നാണ് നടക്കുന്നതെന്നും ജിയോ വിശദമാക്കുന്നു. നേരത്തെ കര്‍ഷക സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ജിയോ അടക്കമുള്ള റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.






