
ന്യുഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനം. കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നല്കിയ കത്തിന് മറുപടിയായാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ഇക്കാര്യമറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ശീതകാല സമ്മേളനം ചേരുന്നത് എളുപ്പമല്ല. ജനുവരി അവസാനം ചേരുന്ന ബജറ്റ് സമ്മേളനത്തോട് കൂട്ടിച്ചേര്ക്കുകയാവാം അഭികാമ്യമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം ചേരരുതെന്ന് കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളും രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എം.പിമാര്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും സഭാ സമ്മേളനം ഉപേക്ഷിക്കാമെന്ന നിലപാടാണ് രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറും പ്രകടിപ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേത് ഇരട്ടനയമാണെന്നൂം സര്‍ക്കാര്‍ വിമര്‍ശിച്ചു.
നേരത്തെ വര്‍ഷകാല സമ്മേളനം നടത്തിയെങ്കിലും ഒക്ടോബര്‍ ഒന്നിന് സമാപിക്കേണ്ടിയിരുന്ന സമ്മേളനം അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ഒരാഴ്ച മുന്‍പേ പിരിയുകയായിരുന്നു. 40 അംഗങ്ങള്‍ക്കും 400 ഓളം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് പിടികൂടിയത്. ദിപാവലിക്കു ശേഷം ഡല്‍ഹിയില്‍ കൊവിഡിന്റെ കുതിച്ചുകയറ്റമാണുണ്ടായത്.






