
ന്യൂഡല്‍ഹി: കഫീല്‍ ഖാനെ ദേശീയ സുരക്ഷ നിയമം ചുമത്തി തടവിലാക്കിയതിനെതിരെ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചതിനായിരുന്നു കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷ നിയമം പ്രകാരം കേസെടുത്തത്.
ക്രിമിനല്‍ കേസുകളുടെ പ്രാധാന്യമനുസരിച്ച് തീരുമാനം എടുക്കണമെന്നും ഒരു കേസിലെ കരുതല്‍ തടങ്കല്‍ ഉത്തരവ് മറ്റൊരു കേസില്‍ ഉപയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി ശരിവച്ചു.
എന്‍എസ്എ ചുമത്തി തടങ്കലിലാക്കിയ കഫീല്‍ ഖാനെ മോചിപ്പിച്ച ഹൈക്കോടതി വിധി നിയമപ്രകാരമല്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സഹോദരന്റെ വിവാഹ ദിവസം തന്നെ അറസ്റ്റ് ചെയ്യാനുള്ള യുപി സര്‍ക്കാരിന്റെ നീക്കമാണ് ഇല്ലാതായതെന്ന് കഫീല്‍ ഖാന് പ്രതികരിച്ചു.
അലിഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് മുംബൈയില്‍ നിന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എന്‍എസ്എ ചുമത്തുകയും ചെയ്തു.






