
നൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ എടുക്കുന്നത് സംബന്ധിച്ച് ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും വാക്‌സീൻ പരീക്ഷണങ്ങൾ അന്തിമഘട്ടങ്ങളിലാണെന്നും കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ വികസിക്കുക.കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും.
ആറ് വാക്സീനുകളാണ് ഇന്ത്യയിൽ വികസിപ്പിക്കുന്നത്. വാക്സീൻ സ്വീകരിക്കുമ്പോൾ പനി, വേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. അങ്ങനെയുണ്ടായാൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീനെടുക്കുന്നയാൾക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വാക്സീൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകുകയാണ് ചെയ്യുക.






