
കൊച്ചി: ആര്.എസ്.എസ്. വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം. സംസ്ഥാന ബി.ജെ.പിയില്‍ ഗ്രൂപ്പിസം അതിശക്തമാണെന്നും ഇതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നും പരിവാര്‍ സമന്വയ് ബൈഠക്കില്‍ ആര്.എസ്.എസ്. നേതൃത്വം വിമര്‍ശിച്ചു. എന്നാല്‍, പ്രതീക്ഷിച്ച വിജയം നേടിയെന്നായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് ആര്.എസ്.എസ്. നേതൃത്വം സംസ്ഥാന ബി.ജെ.പി. നേതാക്കളുടെയും വിവിധ പരിവാര്‍ സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം വിളിച്ചത്.
തെഞ്ഞെടുപ്പില്‍ അനുകൂലമായ രാഷ്ര്ടീയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ലെന്നു പരാമര്‍ശമുണ്ടായി. കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് പ്രാധാന്യം നല്‍കിയത് പ്രവര്‍ത്തകരില്‍ അവമതിപ്പുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകോപനത്തിന്റെ കുറവുണ്ടായി. ഇതിലധികം സീറ്റുകള്‍ ലഭിക്കാന്‍ അവസരമുണ്ടായിരുന്നു.
ചിലയിടങ്ങളിലെങ്കിലും ജനപിന്തുണ കുറഞ്ഞവരെ മത്സരിപ്പിച്ചതും തിരിച്ചടിയായി. ഒറ്റക്കെട്ടായല്ല ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ സംസ്ഥാന ബി.ജെ.പി. നേതൃത്വം തഴഞ്ഞതിലും ആര്.എസ്.എസിന് അതൃപ്തിയുണ്ട്. എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നു. സ്ഥാനാര്‍ഥി നിര്‍ണയമടക്കം ആര്.എസ്.എസ്. ഇടപെട്ടെങ്കിലൂം അത് ഫലത്തില്വരുത്താന് ബി.ജെ.പി. നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആര്.എസ്.എസ്. കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി വി.മുരളീധരന്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, ആര്.എസ്.എസ്. നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
'ജയ് ശ്രീറാം'വിളി കുറ്റകരമല്ല: മന്ത്രി
കൊച്ചി: 'ജയ് ശ്രീറാം' വിളി കുറ്റകരമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. ജാതിമത വ്യത്യാസമില്ലാതെ ആരും വിളിക്കുന്നതാണ് 'ജയ് ശ്രീറാ'മെന്നും ആര്.എസ്.എസ്-ബി.ജെ.പി. സംയുക്തയോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.






