
നമ്മള് ജീവിതം എങ്ങെവേണമെന്നു ചിന്തിക്കുമ്പോള്‍ മരണം എങ്ങനെവേണമെന്നു ചിന്തിക്കുന്നവരാണ് നമ്മുടെ എഴുത്തുകാര്‍. അവര്‍ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും വാചാലമാകും. നമ്മെ വിട്ടുപിരിഞ്ഞ സുഗതകുമാരി മരണാനന്തരത്തെക്കുറിച്ചു പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ്.
മരണശേഷം ഒരു പൂവുപോലും തന്റെ ദേഹത്തുവെയ്ക്കരുതെന്നും ഔദ്യോഗിക ബഹുമതികളോ മതാചാരപ്രകാരമുള്ള ചടങ്ങുകളോ പാടില്ല. പൊതു ദര്‍ശനങ്ങള്‍, അനുശോചനയോഗങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍ എന്നിവയും തന്റെ മരണശേഷം പാടില്ലെന്നും പ്രിയ എഴുത്തുകാരി പറഞ്ഞുവെയ്ക്കുന്നു.
മരിച്ചുകഴിഞ്ഞാല്‍ ഒരു ആല്മരംമാത്രമാണ് സുഗതകുമാരി ആവശ്യപ്പെട്ടത്. 'മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്'- സുഗത കുമാരി പറഞ്ഞിരുന്നു.
കോവിഡ് ബാധച്ച് ഗുരുതരാവസ്ഥയിലായിരുന്ന സുഗതകുമാരി ഇന്നു രാവിലെ 11 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്്.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി.
പ്രകൃതിക്കും അതിലെ സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള കരുതല്‍ സുഗതകുമാരിയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസി സമൂഹങ്ങളുടേയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു. സൈലന്റ് വാലിയിലും അട്ടപ്പാടിയിലും ആറന്മുളയിലും നമ്മള് കണ്ടത് അതാണ്.
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛന് പുരസ്കാരത്തിന് 2009ല്‍ അര്‍ഹയായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പാതിരാപ്പൂക്കള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് എന്നിവ നേടിയ രാത്രിമഴ, ആശാന് പ്രൈസും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്കാരവും നേടിയ അമ്പലമണി , മുത്തുച്ചിപ്പി, പാവം മാനവഹൃദയം , പ്രണാമം, ഇരുള് ചിറകുകള്, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി , വായാടിക്കിളി, കാടിനു കാവല്‍ എന്നിവയാണ് പ്രധാന കൃതികള്‍. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.






