
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച് ജനക്കൂട്ടം ദീപുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയില്‍ ആയ ദീപുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.
ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദനെ ജിയാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജനക്കൂട്ടത്തിന്റെ കയ്യില്‍ പെടാതെ ഓടിരക്ഷപ്പെട്ട അരവിന്ദ് സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. ഇരുവരും മോഷ്ടാക്കളാണെന്നാണ് പോലീസ് പറയുന്നത്.
രാത്രി ജനവാസ മേഖലയില്‍ കണ്ട ഇരുവരേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. അവരോട് തട്ടിക്കയറിയ ദീപവും അരവിന്ദനും ഓടിരക്ഷപ്പെടാന്‍ നോക്കി. ഇതോടെ നാട്ടുകാര്‍ ദീപുവിനെ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.






